കുതിരാൻ ദേശീയപാതയിൽ എട്ട് മണിക്കൂർ ഗതാഗതക്കുരുക്ക്….

കുതിരാൻ സാമൂഹിക വനവിജ്ഞാന കേന്ദ്രത്തിനു സമീപം നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു. വ്യാഴാഴ്ച പുലർച്ചെ 3.30-നായിരുന്നു അപകടം. ഇതോടെ ദേശീയപാതയിൽ എട്ട് മണിക്കൂർ ഗതാഗതക്കുരുക്ക് ഉണ്ടായി. കൊച്ചിയിൽ നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്നർ ലോറി ആണ് ആദ്യം അപകടത്തിൽപ്പെട്ടത്.

എതിർദിശയിൽനിന്ന്‌ അതിവേഗത്തിൽ വന്ന മിനിലോറിയിൽ ഇടിക്കാതിരിക്കാ നുള്ള ശ്രമത്തെത്തുടർന്നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കണ്ടെയ്‌നർ, മിനിലോറിയിലും മുന്നിൽ പോവുകയായിരുന്ന മറ്റൊരു കണ്ടെയ്നർ ലോറിയിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുന്നിലുണ്ടായിരുന്ന കണ്ടെയ്നർ ലോറി അതിന് മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയിൽ ചെന്നിടിച്ചു. ആദ്യം അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഡ്രൈവറെ പോലീസ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ റോഡിൽ നിന്ന്‌ മുഴുവൻ വാഹനങ്ങളും മാറ്റിയെങ്കിലും രൂക്ഷമായ ഗതാഗതക്കുരുക്ക് തന്നെയാണ് ഉണ്ടായത്‌.

വാണിയമ്പാറ മുതൽ ചുവന്നമണ്ണ് വരെ ഏഴ് കിലോമീറ്റർ നീളത്തിൽ വാഹനങ്ങളുടെ നിര നീണ്ടു. എട്ട് മണിക്കൂറോളം ഗതാഗത കുരുക്ക്. കുതിരാൻ മേഖലയിൽ വെളിച്ചം ഇല്ലാത്തതും റോഡ് തകർന്നു കിടക്കുന്നതും രാത്രികാലങ്ങളിൽ ഡ്രൈവർമാർക്ക് വലിയ വെല്ലുവിളിയാണ്. മണ്ണുത്തി ഹൈവേ പോലീസും പീച്ചി പോലീസും സ്ഥലത്തെത്തി.