ശക്തൻ മാർക്കറ്റിലെ വഴിയോര കച്ചവടങ്ങൾക്ക് പ്രവർത്തനാനുമതി നൽകി ജില്ലാ കളക്ടർ..

തൃശ്ശൂർ : കോ വിഡ്-19 നടപടികളുടെ ഭാഗമായി നിർത്തിവെച്ച, തൃശൂർ ശക്തൻ മാർക്കറ്റിനോടനുബന്ധിച്ച് നിലവിൽ ഉണ്ടായിരുന്ന വഴിയോരക്കച്ചവട കേന്ദ്രങ്ങൾ എല്ലാ ദിവസവും രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് മണി വരെ പ്രവർത്തിക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിട്ടു. കർശനമായ മാർഗ നിർദേശ ങ്ങളോടെയാണ് അനുമതി.

1- ഇതു പ്രകാരം കോ വിഡ്-19 നിർവ്യാപനത്തിന്റെ ഭാഗമായി നിർത്തിവെച്ച വഴിയോരക്കച്ച വട സ്ഥാപനങ്ങൾ മാത്രമേ പുനഃപ്രവർത്തിക്കാൻ പാടുള്ളൂ. 2- പുതിയ കടകൾ അനുവദിക്കില്ല. 3- വഴിയോരക്കച്ച വടം റോഡിലെയും പാതയോരത്തെയും പൊതുസഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കരുത്.

4- എല്ലാ കച്ചവടക്കാരും ജീവനക്കാരും തിരിച്ചറിയൽ കാർഡ് നിർബന്ധമായി ധരിക്കണം. 5-കച്ചവടക്കാരുടെ ശരീരോഷ്മാവ് പരിശോധിച്ച് അനുവദനീയമായ പരിധിയിലാണെന്ന് ഉറപ്പുവരുത്തണം. 6- ഹാൻഡ് സാനിറ്റൈസർ, മാസ്‌ക് എന്നീ ക്രമീകരണങ്ങൾ നിർബന്ധമായും ഉറപ്പുവരുത്തണം. 7- ക്വാറൻറീനിൽ കഴിഞ്ഞവർ ക്വാറൻറീൻ പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കടകൾ തുറക്കാവൂ.

8- കണ്ടെയ്ൻമെൻറ് സോണിൽനിന്നുള്ള വ്യക്തികൾ കച്ചവടത്തിൽ ഏർപ്പെടരുത്. 9- പൊതുജനങ്ങളുമായി നിശ്ചിത അകലം പാലിക്കുന്നതിന് കടകൾക്ക് മുന്നിൽ കൃത്യമായ അകലത്തിൽ അതിർത്തി അടയാളപ്പെടുത്തണം. 10- കേന്ദ്ര, സംസ്ഥാന സർക്കാറുകൾ കാലാകാലങ്ങളിൽ ഇറക്കുന്ന കോ വിഡ് നിർവ്യാപനത്തിനായുള്ള എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കണം.

11- ജില്ലാ പോലീസ് മേധാവി (സിറ്റി), ആരോഗ്യ വകുപ്പ് അധികൃതർ, തൃശൂർ കോർപറേഷൻ സെക്രട്ടറി, തൃശൂർ ലേബർ ഓഫീസർ, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ എന്നിവർ പരിശോധന നടത്തി ഇത് ഉറപ്പുവരുത്തും. 12- നിർദേശങ്ങൾ ലംഘിച്ചതായി വ്യക്തമായാൽ ഈ അനുമതി മുന്നറിയിപ്പില്ലാതെ റദ്ദാക്കി വഴിയോര കച്ചവട കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തലാക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.