മണ്ണുത്തി ദേശീയപാത ആറുവരിയിൽ അപകടങ്ങൾ കൂടുന്നു. ഉയരത്തിൽ വളർന്നു നിൽക്കുന്ന ചെടികളാണ് പ്രധാന വില്ലൻ. മണ്ണുത്തി മുതൽ മുടിക്കോട് വരെയാണ് റോഡിനു സമീപം ചെടികൾ വളർന്നുനിൽക്കുന്നത്. ആറുവരി വികസനത്തിന്റെ ഭാഗമായി റോഡിന്റെ നടുവിൽ ചെടികൾ നട്ടിരുന്നു. ഡിവൈഡറിൽ വളർന്ന ചെടികൾക്ക് അഞ്ചുമീറ്റർ ഉയരമുണ്ട്. ചെടികൾക്കൊപ്പം കാടും വളർന്നിട്ടുണ്ട്. അടിപ്പാതയില്ലാത്താതിനാൽ യാത്രക്കാർ ഇതിനുള്ളിലൂടെയാണ് റോഡ് മുറിച്ചുകടക്കുന്നത്.
പാലക്കാട്ടുനിന്ന് വരുന്ന വാഹനങ്ങളും തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും റോഡ് മുറിച്ചുകടക്കുന്നവർക്കോ, റോഡ് മുറിച്ചുകടക്കുന്നവരെ വാഹനങ്ങളിലെ ഡ്രൈവർമാർക്കോ കാണാൻ കഴിയില്ല. കഴിഞ്ഞ ആറുമാസത്തിനകം വെട്ടിക്കൽ, മുല്ലക്കര, മുളയം റോഡ്, ആറാംകല്ല് എന്നിവിടങ്ങളിൽ റോഡ് മുറിച്ചുകടന്നവരാണ് അപകടത്തിൽ പ പെട്ടത്. ഈ ഭാഗത്ത് നടന്ന 37 അപകടങ്ങളിൽ മൂന്നു പേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു.
മഴ തുടങ്ങിയതോടെ കഴിഞ്ഞ ഒരാഴ്ചയിൽ റോഡ് മുറിച്ചുകടന്ന രണ്ടുപേർ അപകടത്തിൽപ്പെട്ടിരുന്നു. കോവിഡ് ഡ്യൂട്ടിയായതിനാൽ പോലീസും സ്ഥലത്തെത്തിയില്ല. പരിക്കേറ്റവരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതി അനുസരിച്ച് റോഡിൽ അപകടസാധ്യത ഉണ്ടായാൽപ്പോലും ഉത്തരവാദികളായ ജീവനക്കാരുടെ പേരിൽ കേസ് വരും.
എന്നാൽ, കുറ്റം യാത്രക്കാരിലാണ് പോലീസ് കെട്ടിവെക്കുന്നത്. അമിത വേഗത്തിലാണ് ദേശീയപാതയിൽ വാഹനങ്ങൾ പോകുന്നത്. ഈ ഭാഗത്തെ റോഡിലെ കുഴികളും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. അഞ്ച് കിലോ മീറ്ററോളം ദൂരം സർവീസ് റോഡും തകർന്നു കിടക്കുകയാണ്. അപകടത്തിൽപ്പെട്ടവർ പോലീസിൽ പരാതികൊടുത്താൽ ഒരു നടപടിയുമില്ല.