വടക്കാഞ്ചേരി നഗരസഭയിലെ 9ഡിവിഷനുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോൺ..

കോവിഡ് സമൂഹവ്യാപനം തടയുന്നതിനായി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചിരുന്ന വടക്കാഞ്ചേരി നഗരസഭയിലെ 9 ഡിവിഷനുകൾ ആഗസ്റ്റ് 11 അർധരാത്രി മുതൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കി ഉത്തരവിട്ടു.

പട്ടാമ്പി, മങ്കര, മിണാലൂർ എന്നീ ക്ലസ്റ്ററുകളിൽനിന്ന് സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തത് വടക്കാഞ്ചേരിയിലായിരുന്നു. 12, 15, 16, 18, 31, 33, 38, 39, 40 എന്നീ ഡിവിഷനുകളാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണാക്കിയത്. ഈ ഡിവിഷനുകളിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായ സാഹചര്യത്തിലാണ് നടപടി.
ഈ ഡിവിഷനുകളിൽ എല്ലാ വാഹന നീക്കങ്ങളും തടയുമെന്ന് കളക്ടർ ഉത്തരവിൽ അറിയിച്ചു. പട്ടാമ്പി, മങ്കര, മിണാലൂർ എന്നീ ക്ലസ്റ്ററുകളിൽനിന്ന് സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്ത വടക്കാഞ്ചേരിയിലായിരുന്നു. മെഡിക്കൽ അത്യാഹിതം, മരണം, സ്റ്റേഷൻ ഹൗസ് ഓഫീസർമാരിൽനിന്ന് മുൻകൂർ അനുമതി ലഭിച്ച വിവാഹം എന്നീ അടിയന്തിര സാഹചര്യങ്ങളില ല്ലാതെയുള്ള യാത്രകൾ കർശനമായി നിരോധിച്ചു.

പൊതുവാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ദീർഘദൂര ബസുകൾക്ക് കടന്നുപോവാം. ഇവിടങ്ങളിൽനിന്ന് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ ആശുപത്രി ആവശ്യത്തിനല്ലാതെ യാത്ര ചെയ്യുന്നത് അനുവദിക്കില്ല. വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ മൂന്ന് ജീവനക്കാരെ വെച്ച് മാത്രമേ തുറക്കാവൂ. ജീവനക്കാർക്ക് മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉറപ്പുവരുത്തണം. തുറന്നു പ്രവർത്തിക്കുന്ന കടകളിൽ ഉപഭോക്താക്കൾ സാമൂഹിക അകലം പാലിക്കണം. സാനിറ്റൈസറോ സോപ്പും വെള്ളവുമോ കരുതണം.

കണ്ടെയ്ൻമെൻറ് സോണിൽ ഉൾപ്പെടാത്ത, വടക്കാഞ്ചേരി ടൗണിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്. കോളനികളിൽ സാധനങ്ങൾ എത്തിക്കാൻ ആർ.ആർ.ടികൾ മുഖാന്തിരം സ്‌ക്വാഡുകൾ രൂപീകരിക്കണം.
മത്സ്യ, മാംസ മാർക്കറ്റ് പ്രവർത്തിക്കാൻ പാടില്ല. വീടുകളിൽ കയറിയിറങ്ങിയുള്ള കച്ചവടവും തട്ടുകട, വഴിയോര കച്ചവടവും നിരോധിച്ചു. പാൽ, പത്രം, മരുന്ന് വിതരണം നടത്താം.
തദ്ദേശ സ്വയംഭരണം, ആരോഗ്യം, റവന്യു, പോലീസ്, ട്രഷറി, കെ.എസ്.ഇ.ബി, വാട്ടർ അതോറിറ്റി വകുപ്പുകളിൽ 50 ശതമാനത്തിൽ താഴെ വെച്ച് ജോലി ക്രമീകരിക്കുക. ഈ ഡിവിഷനുകളുടെ പരിധിയിലെ എല്ലാ കോടകളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കണം. ബാങ്ക്, ഇൻഷൂറൻസ് സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കരുത്.

ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണിൽ മൂന്ന് പേരിൽ കൂടുതൽ ഒരുമിച്ച് കൂടരുത്. വീടുകളിലും പൊതുസ്ഥലങ്ങളിലും ഒത്തുചേരൽ പൂർണ്ണമായും ഒഴിവാക്കണം. മുമ്പ് നിശ്ചയിച്ച വിവാഹങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ അനുമതിയോടെ പരമാവധി 20 പേരെ മാത്രം ഉൾപ്പെടുത്തി നടത്താം. മരണ വീടുകളിൽ 10 പേരിൽ കൂടുതൽ ഒത്തുചേരരുത്. മേൽപ്പറഞ്ഞ മേഖലകളിൽ സമരങ്ങൾ, പ്രകടനങ്ങൾ, പൊതുപരിപാടികൾ എന്നിവ കർശനമായി നിരോധിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.