ഗുരുവായൂർ നഗരത്തിൽ എത്തുന്നവരുടെ ചോദ്യത്തിന് ഉത്തരമില്ല. ഒന്നു മൂത്രമൊഴിക്കാൻ എവിടെ പോകും സർ? ചൂണ്ടിക്കാണിക്കാൻ ഒരിടവുമില്ല. ഗുരുവായൂരിൽ ശുചിമുറി സൗകര്യം ഇല്ലാതെ ജനം വലയുന്നു. 6 മാസം കഴിഞ്ഞാൽ രാജ്യാന്തര നിലവാരത്തിൽ ശുചിമുറികൾ തയാറാകും എന്നാണ് അധികൃതരുടെ മറുപടി. നഗരസഭ ബസ് സ്റ്റാൻഡിലെ 80 ശുചിമുറികളുടെ സമുച്ചയം ഒരു മാസം മുൻപ് അടച്ചു.
ഇതോടെ യാത്രക്കാരും ബസ് ജീവനക്കാരും കച്ചവടക്കാരും തെരുവിൽ കഴിയുന്നവരും ബുദ്ധിമുട്ടിലാണ്.
പൊളിച്ച് പുതിയത് നിർമിക്കാനാണ് അടച്ചത്. ക്ഷേത്രം കിഴക്കേനടയിലെ ദേവസ്വം കംഫർട്ട് സ്റ്റേഷൻ അടച്ചിട്ടു മാസങ്ങളായി. രാജ്യാന്തര നിലവാരത്തിൽ പുനർനിർമിക്കുന്ന പണികൾ നടക്കുന്നു. ബസ് സ്റ്റാൻഡിൽ ശുചിമുറികൾ തുറക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷ എം.രതി പറഞ്ഞു.
അമ്പാടി പാർക്കിലെ ശുചിമുറികൾ മാസങ്ങൾക്കു മുൻപ് അടച്ചിരുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ഉള്ളത് തുറക്കുന്നതും അടയ്ക്കുന്നതും പല സമയങ്ങളിലാണ്. തെക്കേ നടയിലെ ദേവസ്വത്തിന്റെ ഒരു കംഫർട്ട് സ്റ്റേഷൻ മാത്രമാണ് പ്രവർത്തിക്കുന്നത്.
ബസ് ജീവനക്കാർ പെട്രോൾ പമ്പിലും ലോഡ്ജുകളിൽ പണം നൽകിയുമാണ് ശുചിമുറി ഉപയോഗിക്കുന്നത്.