സാധാരണക്കാരായ മലയാളികൾക്ക് കശുവണ്ടി പരിപ്പ് കുറഞ്ഞ ചിലവിൽ പ്രാദേശികമായി ലഭ്യമാക്കുവാൻ ഉതകുന്ന ‘മുളപ്പിച്ച കശുവണ്ടി’ പരിചയപ്പെടുത്തുകയാണ് കേരള കാർഷിക സർവ്വകലാശാല. സർവകലാശാലയുടെ കീഴിലുള്ള മാടക്കത്തറ കശുമാവ് ഗവേഷണ കേന്ദ്രമാണ് പ്രതിരോധശക്തി വർധിപ്പിക്കാൻ ഉതകുന്ന മുളപ്പിച്ച കശുവണ്ടി പരിചയപ്പെടുത്തുന്നത്.
പോഷക വിഭവമാണെങ്കിലും വില കൂടുതലുള്ളതിനാൽ സാധാരണക്കാരന് കശുവണ്ടി പരിപ്പ് വെടിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ മുളപ്പിച്ച കശുവണ്ടിയുടെ ഉൽപാദനച്ചെലവ് കുറവായതിനാൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാൻ ഇതിന് സാധിക്കും. മുളപ്പിച്ച കശുവണ്ടിയുടെ ഉൽപ്പാദന ചിലവും താരതമ്യേന കുറവാണ്. കശുവണ്ടി പരിപ്പിലെ ബീജം മുളയ്ക്കുന്നതോടെ ഒട്ടേറെ രാസ പ്രക്രിയകൾ സംഭവിക്കുന്നതിനാൽ പോഷകങ്ങൾ വിഘടിച്ച് എളുപ്പത്തിലും കൂടുതലായും ലഭ്യമാകുന്നു. ഇത് പരിപ്പിന്റെ ദഹന പ്രക്രിയ ആയാസപ്പെടുത്തുന്നു. അതുകൊണ്ടുnതന്നെ പ്രായമായവർക്കും കഴിക്കാവുന്ന ഉത്തമ പോഷക വിഭവമായി ഇതിനെ കണക്കാക്കാം. മുളപ്പിച്ച കശുവണ്ടി പരിപ്പിൽ പോഷകങ്ങളായ കാൽസ്യം, നിരോക്സീകാരികൾ, അമിനോ അമ്ലങ്ങൾ, തുടങ്ങിയവ വളരെ കൂടുതലാണ്.
മറ്റേത് പരിപ്പിനേക്കാളും ഇരുമ്പിന്റെ അംശവും ഇതിൽ കൂടുതലാണ്. ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 250 ഗ്രാം കശുവണ്ടി പരിപ്പാണ് കിട്ടുന്നത്. എന്നാൽ ഒരു കിലോ കശുവണ്ടിയിൽ നിന്നും ശരാശരി 500 ഗ്രാം മുളയണ്ടി ലളിതമായി തയ്യാറാക്കാം. ഒരു കിലോ കശുവണ്ടിപരിപ്പിന് ശരാശരി 800 മുതൽ 1000 രൂപ വില വരുമ്പോൾ അതിന്റെ പകുതി വിലയ്ക്ക് മുളപ്പിച്ച കശുവണ്ടി ലഭ്യമാകും. മുളപ്പിച്ച കശുവണ്ടി പരിപ്പ് അച്ചാർ, സാലഡ്, മസാലകറികൾ, എന്നിവയ്ക്ക് ഉപയോഗിക്കാം.
മുളപ്പിച്ച കശുവണ്ടി തയ്യാറാക്കുന്നതിന് വൃത്തിയുള്ളതും അണുവിമുക്തമായ ഒരു അവസ്ഥ ഒരുക്കി എടുക്കണം. പ്രത്യേകം സജ്ജമാക്കിയ ടണലുകളിലെ ട്രേകളിലോ, നിയന്ത്രിത ബീജാങ്കുരണ അറകളിലോ കശുവണ്ടി മുളപ്പിക്കാം. മുളച്ച് ബീജപത്രം വിരിയുന്നതിന് മുൻപ് തന്നെ ശേഖരിക്കണം. ഈ ഘട്ടത്തിൽ വളർച്ച ദ്രുതഗതിയിലായതിനാൽ ബീജപത്രം ശേഖരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണ്ടതാണ്.
വിളവെടുത്ത് മുളച്ച പരിപ്പ് ഏറെ നാൾ സൂക്ഷിച്ചു വയ്ക്കാനാവില്ല. ശീതീകരിച്ച അവസ്ഥയിൽ മൂന്നോ നാലോ ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. അണുവിമുക്തമായ മേന്മയേറിയ മുളപ്പിച്ച കശുവണ്ടി ചിലവ് കുറഞ്ഞ രീതിയിൽ ഉൽപ്പാദിപ്പിക്കുന്നതിനും അതിനൂതന സാങ്കേതിക വിദ്യകളാൽ സംഭരിച്ചുവയ്ക്കുന്നതിനുമുള്ള സാധ്യതകൾ കാർഷിക സർവകലാശാല, കശുമാവ് ഗവേഷണ കേന്ദ്രം, അഗ്രി ഇൻക്യൂബേഷൻ സെന്റർ എന്നിവയുടെ സഹായത്തോടെ പരിശോധിക്കുന്നുണ്ട്.