കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
ഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങള്‍ക്കാണ് പ്രളയ സാധ്യത മുന്നറിയിപ്പുമായി ദേശീയ ജല കമ്മീഷൻ നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.
അതിനിടെ രണ്ടാമതൊരു ന്യൂനമര്‍ദം കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ വന്‍ തോതില്‍ ജലനിരപ്പ് ഉയരര്‍ന്നു തുടങ്ങിയ ഈ പശ്ചാത്തലത്തില്‍ കൂടിയാണ് വീണ്ടും ഒരു പ്രളയ സാധ്യതയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ഭവാനിയില്‍ ജലനിരപ്പ് അപകടകരമാം വിധം ഉയരാന്‍ സാധ്യത ഉണ്ടെന്നും ദേശീയ ജല കമ്മീഷന്‍ പുറത്തിറക്കിയ പ്രത്യേക ഫ്ളഡ് അഡൈ്വസറിയില്‍ പറയുന്നു.
പെരിയാര്‍ തടത്തില്‍ ശക്തമായി മഴ ലഭിക്കും. 2018 ലും 2019 ലും ഓഗസ്റ്റ് മാസത്തിലാണ് പ്രളയം ഉണ്ടായിട്ടുള്ളത്. ശരാശരിയേക്കാള്‍ അധിക മഴ ലഭിച്ചതോടെയാണ് കഴിഞ്ഞ രണ്ടു വര്‍ഷവും സംസ്ഥാനത്ത് പ്രളയം ഉണ്ടായത്.
കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് മുന്നറിയിപ്പ് ലഭിച്ച മറ്റ് സംസ്ഥാനങ്ങള്‍. കര്‍ണാടകയില്‍ മഴ തീവ്രമായ സാഹചര്യത്തില്‍ വയനാട്ടിലെ കബനി നദിയിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. പ്രളയസാധ്യത കണക്കിലെടുത്ത് ഇടുക്കി വയനാട് മേഖലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ രാത്രി തന്നെ ഇടുക്കിയിൽ രാത്രി ഗതാഗതം നിരോധിക്കുകയും, ജലമെത്താന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തു തുടങ്ങി.