കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് ; മുഴുവന്‍ തടവുകാരിലും ജീവനക്കാരിലും ഉടൻ തന്നെ പരിശോധന..

കൊല്ലം ജില്ലാ ജയിലിൽ 14 തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജയിലിൽ തന്നെ ചികിത്സാ കേന്ദ്രം സജ്ജീകരിക്കും.കഴിഞ്ഞ ദിവസം ജില്ലാ ജയിലിലെ 15 തടവുകാർക്ക് പനി ബാധിച്ചിരുന്നു. ഇതിനെത്തുടർന്ന് പ്രത്യേക മെഡിക്കൽ സംഘം ജയിലിൽ നേരിട്ടെത്തി 15 പേരുടെയും സ്രവം ശേഖരിച്ചു. ഫലം വന്നപ്പോൾ ഇതിൽ 14 പേർക്കും പോസിറ്റീവ്. റിമാൻഡ് പ്രതികൾ ഉൾപ്പെടെയുള്ള തടവുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരെ ചികിത്സിക്കാനായി ജയിലിനുള്ളിൽ കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം സജ്ജീകരിക്കും.

ഡോക്ടർമാർ ഉൾപ്പെടുന്ന പ്രത്യേകസംഘത്തെ ഇവിടേക്ക് നിയോഗിക്കും.മറ്റുളളവരെ നിരീക്ഷിക്കാനായും പ്രത്യേക സജ്ജീകരണം ഏർപ്പെടുത്തും. ദിവസങ്ങൾക്ക് മുമ്പ് ജയിൽ ജീവനക്കാരന് കൊവിഡ് ബാധിച്ചിരുന്നു. ഇയാളിൽ നിന്ന് തടവുകാർക്ക് രോഗബാധയുണ്ടായെന്നാണ് പ്രാഥമിക നിഗമനം. പതിനാല് പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ മുഴുവൻ തടവുകാരെയും ജീവനക്കാരെയും ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കും. ഇന്നും നാളെയുമായി പരിശോധന പൂർത്തിയാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.