ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി…

റേഡിയേഷൻ ചികിത്സക്ക് സഹായകരമായി തൃശൂർ ഗവ.മെഡിക്കൽ കോളേജ് നെഞ്ചുരോഗ ആശുപത്രിയിൽ ടെലി കൊബാൾട്ട് മെഷീൻ എത്തി. നെഞ്ചുരോഗ ആശുപത്രി ഓങ്കോളജി ഡിപ്പാർട്ട്‌ മെന്റിലേക്കാണ് ടെലി കൊബാൾട്ട് മെഷീൻ എത്തിയത്. അനിൽ അക്കരയുടെ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3,53,41,652രൂപ അനുവദിച്ചാണ് പുതിയ മെഷീൻ സംവിധാനം മെഡിക്കൽ കോളേജിൽ എത്തിയിട്ടുള്ളത്.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേനയാണ് ടെലി മെഡിസിൻ മെഷീൻ വാങ്ങുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ഇപ്പോൾ മെഡിക്കൽ കോളേജ് ഓങ്കോളജി വിഭാഗത്തിൽ, റേഡിയേഷൻ ചികിത്സക്കു വേണ്ടി നിരവധി രോഗികൾ കാത്തു കിടപ്പുണ്ട്. മൂന്ന് മാസം കാത്തുനിന്ന ശേഷമാണ്, ഇപ്പോൾ രോഗികൾക്ക് റേഡിയേഷൻ ചികിത്സ ലഭിക്കുന്നത്. 23 വർഷം മുമ്പ് വാങ്ങിയ ടെലി കോബാൾട്ട് മെഷീനാണ് ഇപ്പോൾ ആശുപത്രിയിൽ രോഗികളെ ചികിത്സിച്ചു വരുന്നത്. പുതിയ ടെലി കോബാൾട്ട് മെഷീന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ 100 രോഗികൾക്ക് പുതിയതായി റേഡിയേഷൻ ചികിത്സ നൽകാനാകും.

മാത്രമല്ല, തുടർന്നു വരുന്ന രോഗികൾക്ക്, ഒട്ടും താമസം വരാതെ, തുടർചികിത്സ നൽകാനാകും. പ്രസ്തുത ടെലി കൊബാൾട്ട് സ്ഥാപിക്കുന്നതിനുള്ള, കെട്ടിട സൗകര്യം ഉടൻ നിലവിൽ വരും. പുതിയ ടെലി കോബാൾട്ട് മെഷീൻ പ്രവർത്തനം ആരംഭിക്കുന്നതോടെ, തൃശ്ശൂർ പാലക്കാട്, ജില്ലകളിൽനിന്നുള്ള, പാവപ്പെട്ട നൂറുകണക്കിന് കാൻസർ രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകുന്നതിന് വലിയതോതിൽ ഉപകാരപ്പെടും.