തൃശ്ശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹായത്തോടെ ആരംഭിക്കുന്ന ജയിൽ പെട്രോൾ പമ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ആദ്യ ഇന്ധനം നിറക്കലും പമ്പിന്റെ നാട മുറിച്ചുള്ള ഉദ്ഘാടനവും, വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമ്മലാന്ദൻ നായർ, വാർഡ് കൗൺസിലർ സുരേഷ് കുമാർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ഈ പദ്ധതി വഴി 15 അന്തേവാസികൾക്ക് പമ്പിൽ ജോലി നൽകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ 9.5 കോടി രൂപ ചിലവഴിച്ചാണ് സംസ്ഥാനത്ത് നാല് പെട്രോൾ പമ്പുകൾ സ്ഥാപിച്ചത്. 30 ലക്ഷം രൂപയാണ് ജയിൽ വകുപ്പിന്റെ വിഹിതം. ഒപ്പം പൊതു ജനങ്ങൾക്ക് ഗുണമേന്മയുള്ള ഇന്ധനം കൃത്യമായ അളവിൽ ലഭ്യമാകും. പമ്പിൽ പബ്ലിക് കംഫർട് സ്റ്റേഷനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ആറു മുതൽ രാത്രി 10 വരെയാണ് പമ്പിന്റെ പ്രവർത്തന സമയം. വിയ്യൂർ സെൻട്രൽ ജയിലിൽ തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പാടൂക്കാട് തിയ്യറ്ററിനടുത്ത 30 സെൻറ് സ്ഥലത്താണ് പമ്പ് നിർമ്മിച്ചിട്ടുള്ളത്.
പമ്പിൽ ജോലിചെയ്യുന്ന തടവുകാർക്കും ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ട്. ഭാവിയിൽ സി എൻ ജി, ഇലക്ട്രിക്കൽ ചാർജിങ് സ്റ്റേഷൻ എന്നിവ ഉൾപ്പെടെയുള്ളവ സ്ഥാപിച്ച് പദ്ധതി വിപുലീകരിക്കും. ജയിൽ ഡി ജി പി ഋഷിരാജ് സിംഗ്, മേയർ അജിത ജയരാജൻ മന്ത്രിമാരായ അഡ്വ. വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, തുടങ്ങിയവർ വീഡിയോ കോൺഫറൻസിലൂടെ പരിപാടിയിൽ പങ്കെടുത്തു. മധ്യ മേഖല ഡി ഐ ജി സാം തങ്കയ്യൻ, ഐ.ഒ.സി ചീഫ് ജനറൽ മാനേജർ വി സി അശോകൻ, റീട്ടെയിൽ സെയിൽസ് ജനറൽ മാനേജർ നവീൻ ചരൺ, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.