ഇനി വീട്ടിലിരുന്ന് അപേക്ഷിക്കാം!!! പ്ലസ് വൺ പ്രവേശനത്തിന് സ്വന്തം ആപ്പുമായി തൃശൂർ ജില്ല…

application-apply

പ്ലസ് വൺ പ്രവേശനം ലളിതമാക്കാൻ സ്വന്തം മൊബൈൽ ആപ്ലിക്കേഷനുമായി തൃശൂർ ജില്ല. വിദ്യാർത്ഥികൾക്ക് ഓൺലൈനായി വീടുകളിൽ ഇരുന്ന് പ്രവേശന നടപടികൾ പൂർത്തീകരിക്കാൻ സഹായകമാകുന്ന വിധത്തിലാണ് ഇതിന്റെ പ്രവർത്തനം. പ്രവേശന നടപടികൾ ആരംഭിക്കുന്ന ദിവസം മുതൽ ആപ്പിന്റെ സേവനം പ്‌ളേ സ്റ്റോറിൽ ലഭ്യമാകും. ‘NSSHELPDESK’ എന്ന പേരിലാണ് പ്ലേസ്റ്റോറിൽ ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ആപ്പിന്റെ പ്രവർത്തനം നിരീക്ഷിച്ച്, മറ്റ് ജില്ലകളിലും സമാനമായ ആപ്പ് ഉണ്ടാക്കാൻ നിർദ്ദേശം നൽകുമെന്ന് അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് പ്ലസ് വൺ പ്രവേശനം നടപടികൾക്കായി ഇത്തരം ഒരു ആപ്പ് തയ്യാറാക്കുന്നത്. നാഷണൽ സർവീസ് സ്‌കീം അസിസ്റ്റൻറ് ജില്ലാ കോഡിനേറ്റർ റസ്സൽ ഗോപിനാഥൻ ആണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്‌കൂൾ സെർച്ച്, കോഴ്സ് സെർച്ച് ലോക്കൽ ബോഡി സെർച്ച് എന്നിവ എളുപ്പത്തിൽ സാധ്യമാകും.

ജില്ലയിലെ 168 സ്‌കൂളുകളിലാണ് ഏകജാലകം. ഇതിന്റെ അടിസ്ഥാന വിവരങ്ങൾ, കോഴ്‌സ് കോമ്പിനേഷനുകൾ എന്നിവ ഇതിൽ നിന്നറിയാൻ സാധിക്കും. ഏതൊക്കെ സ്‌കൂളിൽ ഏതൊക്കെ കോഴ്‌സുകൾ ലഭ്യമാണെന്ന വിവരങ്ങൾ, സ്‌കൂളുകളുടെ വിവരങ്ങൾ, സ്‌കൂൾ കോഡ് എന്നിവ ലഭിക്കാവുന്ന വിധത്തിലാണ് ആപ് തയ്യാറാക്കിയിരിക്കുന്നത്. ഓരോന്നിനും വെവ്വേറെ ലിങ്ക് കണക്റ്റ് ചെയ്യാവുന്ന തരത്തിലാണ് സജ്ജീകരണം.
കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ പ്രവേശന നടപടികൾ ലളിതമാക്കി കൊണ്ട് സർക്കാർ ഉത്തരവ് നൽകിയിരുന്നു.

ഇത് പ്രകാരം വിദ്യാർഥികൾക്ക് ഓൺലൈനായി ഏകജാലക സംവിധാനം വഴി അപേക്ഷ സമർപ്പിക്കാം. മുൻവർഷങ്ങളിലെ പോലെ അപേക്ഷാഫീസ് അപേക്ഷയോടൊപ്പം നൽകേണ്ടതില്ല, പകരം പ്രവേശനം ലഭിച്ചാൽ സ്‌കൂൾ തുറക്കുമ്പോൾ മാത്രം അപേക്ഷാ ഫീസ് അടച്ചാൽ മതിയാകും. അപേക്ഷയുടെ പ്രിൻറ് ഔട്ട് എടുത്ത് സ്‌കൂളുകളിൽ സമർപ്പിക്കുന്ന രീതിയും ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കാൻ ഇനി അക്ഷയ സെന്ററുകളുടെയോ കമ്പ്യൂട്ടർ സെന്ററുകളുടെയോ സേവനവും ആവശ്യമില്ല.

വിദ്യാർത്ഥി പഠിച്ച സ്‌കൂളിൽ തന്നെ അദ്ധ്യാപകരുടെ കീഴിൽ ഇതിനായി ഹെൽപ്പ് ഡെസ്‌ക്കുകൾ പ്രവർത്തിപ്പിക്കാനാണ് സർക്കാർ തീരുമാനം. ഏതെങ്കിലും വിദ്യാർത്ഥികൾ വീട്ടിലിരുന്ന് പ്രവേശന നടപടികൾ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ തൊട്ടടുത്തുള്ള എച്ച് എസ്, എച്ച് എസ് എസ് സ്‌കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്അ പേക്ഷിക്കാനുള്ള സൗകര്യമുണ്ടാക്കുമെന്ന് ഹയർസെക്കൻഡറി ജില്ലാ അക്കാദമിക് കോർഡിനേറ്റർ വി എം കരീം പറഞ്ഞു.