ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. ആഘോഷങ്ങൾ ചുരുക്കി നിർബന്ധിതനമായ ചടങ്ങുകൾ മാത്രം നിർവഹിക്കും…

തിരുവനന്തപുരം: ബലി പെരുന്നാൾ അടുത്ത സാഹചര്യത്തിൽ മുസ്ലീം മതനേതാക്കളുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഭീഷണി ഗുരുതരമായി ഉയർന്നുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ചർച്ച നടത്തിയത്. സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് അവരുടെ പിന്തുണ നൽകണമെന്നും അഭ്യർഥിച്ചു എല്ലാവരും അനുകൂലമായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബലി പെരുന്നാൾ ആഘോഷങ്ങൾ നടത്താമെന്ന നിർദേശം യോഗത്തിൽ പങ്കെടുത്തവർ മുന്നോട്ടു വെച്ചു. ബലിപെരുന്നാളിന്റെ ഭാഗമായ ചടങ്ങുകൾ പ്രോട്ടോക്കോൾ പാലിച്ച് മാത്രമേ നടത്തുകയുള്ളൂ എന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. പരമാവധി ആഘോഷങ്ങൾ ചുരുക്കും. പെരുന്നാൾ നമസ്കാരത്തിന് പള്ളികളിൽ മാത്രം സൗകര്യം ഏർപ്പെടുത്തുന്നത്. പൊതു സ്ഥലങ്ങളിൽ ഈദ്ഗാഹ് ഉണ്ടായിരിക്കുന്നതല്ല. സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പള്ളികളിൽ പരമാവധി 100 പേരിൽ അധികം പാടില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

പെരുന്നാളും ആയി ബന്ധപ്പെട്ട് ഇടപെടുന്നവർക്കും ജോലി ചെയ്യുന്നവർക്കും കോവിഡ് ടെസ്റ്റ് നടത്താനും തീരുമാനമായി. ടൗണിലെ പള്ളിയിൽ അപരിചിതരും മറ്റും എത്തുന്നത് ഒഴിവാക്കാനും ശ്രദ്ധയുണ്ടാകണം. നേരത്തെ തുറക്കാതിരുന്ന പള്ളികളിൽ അതേ നില തുടരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.