കോ വിഡ് പോരാട്ടത്തിൽ ഒരു പുതുവഴി തെളിയിച്ച് തൃശ്ശൂർ..

ആപത്തിനേയും അവസരമാക്കുകയാണ് തൃശ്ശൂരിലെ ഈ ട്രീറ്റ്‌മെന്റ് സെന്റർ പദ്ധതി. കോവിഡ് 19 ശുശ്രൂഷക്കിടെ രോഗ വാഹകരാവുന്ന ആരോഗ്യ പ്രവർത്തകരെ ഉപയോഗപ്പെടുത്തി കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ തുടങ്ങാൻ തൃശൂർ ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. രോഗം വ്യാപിക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ പ്രവർത്തകരും രോഗ ബാധിതരാവുന്നുണ്ട്.

കോ വിഡ് പോസിറ്റീവ് ആവുകയും എന്നാൽ രോഗ ലക്ഷണങ്ങളോ, ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാതിരിക്കുകയും ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പടെ ഉള്ള ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലുള്ള രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.

കോ വിഡ് 19 രോഗികളുമായി അടുത്തിടപഴകുന്ന ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പോസിറ്റീവ് ആയി ക്വാറന്റിനീൽ കഴിയുന്നുണ്ട്. എന്നാൽ ഇവരെ ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടുന്നുമില്ല. അത്തരക്കാരുടെ സേവനം ഉപയോഗിച്ച് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ ആരംഭിച്ചാൽ ആൾക്ഷാമമില്ലാതെ കോവിഡ് 19 രോഗ ശുശ്രൂഷ നടത്താനാവുമെന്ന നിഗമനത്തിൽ നിന്നാണീ ആശയം ഉരുത്തിരിഞ്ഞത്.

സംസ്ഥാനമാകെ നിരവധി ആരോഗ്യ പ്രവർത്തകരാണ് കോവിഡ് പോസിറ്റീവ് ആയി, രോഗ ലക്ഷണങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലാതെ ക്വാറന്റീനിൽ കഴിയുന്നത്. ഇത്തരമൊരാശയം പ്രായോഗികമായാൽ ഒട്ടേറെ ആരോഗ്യപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇക്കാര്യം തൃശ്ശൂർ ജില്ലാഭരണകൂടം സർക്കാരിനെ അറിയിച്ചു. സ്വകാര്യ ആശുപത്രികളെ കൂടി കോവിഡ് പ്രതിരോധ പ്രക്രിയിൽ പങ്കാളികളാക്കുന്നത് സംബന്ധിച്ച പിപിപി (പബ്ലിക് പ്രൈവറ്റ് പാർട്ടണർഷിപ്പ്) യോഗത്തിലാണ് ഇത്തരമൊരു തീരുമാനമുണ്ടായത്. ഐഎംഎ, ഐഡിഎ തുടങ്ങിയ സംഘടനപ്രതിനിധികളും ഇക്കാര്യം സ്വാഗതം ചെയ്തു.

സമൂഹവ്യാപന സാധ്യതകൾ ഒരു പരിധി വരെ തടയാനും ഇത് വഴി കഴിയും. ഈ ആശയം പ്രയോഗപഥത്തിലെത്തിക്കാൻ മുന്നോട്ടു വന്ന പൊതുജനാരോഗ്യ പ്രവർത്തകർ, മെഡിക്കൽ കോളേജിലെ അക്കാദമിക് സമൂഹം, ഐ.എം.എ തുടങ്ങി എല്ലാവരേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നു.