24മണിക്കൂറും പൊതുജനസുരക്ഷ ഉറപ്പാക്കുന്ന റെഡ്ബട്ടൺ സംവിധാനത്തിന് തുടക്കമായി. ഇന്റലിജന്റ് റോബോട്ടിക്ക്സാങ്കേതിക വിദ്യ അടിസ്ഥാന പ്പെടുത്തിയാണ് സംവിധാനം. റെഡ്ബട്ടൺ സംവിധാനം സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്കാണ് ഏറ്റവും കൂടുതൽ ഉപകാരപ്പെടുക.
തൃശൂർ നഗരത്തിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിക്കപ്പെടുന്ന റെഡ്ബട്ടൺ ടെർമിനലുകളിൽ സഹായം ആവശ്യപ്പെടുന്നയാൾ കൈ വിരലുകളമർത്തിയാൽ, അയാൾ നിൽക്കുന്ന സ്ഥലവും പരിസരങ്ങളിലെ ചിത്രങ്ങളും പോലീസ് കൺട്രോൾ റൂമിൽ ദൃശ്യമാവും.
ഘടിപ്പിച്ചിട്ടുള്ള ഹോട്ട് ലൈൻ ടെലിഫോണിലൂടെ കൺട്രോൾ റൂമിലെ പോലീസുദ്യോഗസ്ഥരുമായി നേരിട്ടു സംസാരിക്കാനും ഇതുവഴി സാധ്യമാണ്. റെഡ്ബട്ടൺ അമർത്തുന്ന ആൾ പോലീസുദ്യോഗസ്ഥനുമായി ആശയവിനിമയം പൂർത്തിയായാൽ ഉടൻതന്നെ ഇതിന്റെ വിശദാംശങ്ങൾ 24മണിക്കൂറും നഗരത്തിൽ റോന്തു ചുറ്റുന്ന കൺട്രോൾറൂം പോലീസ് വാഹനങ്ങളിലേക്ക് കൈമാറും.
തുടർന്ന് നിമിഷങ്ങൾക്കകം സുരക്ഷയ്കായി പോലീസ്വാഹനം സംഭവസ്ഥലത്ത് എത്തുന്ന വിധത്തിലാണ് ഇതിന്റെ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഏതൊരാൾക്കും ഈ റെഡ്ബട്ടണിലൂടെ സഹായമഭ്യർത്ഥിക്കുകയോ, കുറ്റ കൃത്യങ്ങളെക്കുറിച്ചും കുറ്റവാളികളെ ക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുകയുംചെയ്യാം.