300 അടി ഉയരത്തിലുള്ള പാറക്കെട്ടിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി…

എരുമപ്പെട്ടി • യുവാവിന്റെ ആത്മഹത്യാ ഭീഷണി. കരിയന്നൂരിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന പാറമടയിലെ 300 അടി ഉയരത്തിലുള്ള പാറക്കെട്ടിൽ കയറിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസും നാട്ടുകാരും പാറക്കെട്ടിൽ സാഹസികമായി വലിഞ്ഞു കയറി യുവാവിനെ കീഴ്പ്പെടുത്തിയ ശേഷം താഴെ ഇറക്കി. പാതമംഗലം സ്വദേശി രാജേഷ് (25) ആണ് നാടിനെ മുൾമുനയിലാക്കിയത്.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറക്കെട്ടിനു മുകളിൽ വലിഞ്ഞു കയറിയ യുവാവ്, താൻ ജീവനൊടുക്കാൻ പേകുകയാണെന്നു സുഹൃത്തുക്കളെ വാട്സാപ്പിലൂടെ അറിയിക്കുകയായിരുന്നു. പറ്റിക്കുക യാണെന്നു കരുതി സുഹൃത്തുക്കൾ ആദ്യം ഗൗരവത്തിലെടുത്തില്ല. അന്വേഷിച്ചപ്പോഴാണ് സംഭവം സത്യമാണെന്നു തിരിച്ചറിഞ്ഞത്.

ഇൻസ്പെക്ടർ കെ.കെ. ഭൂപേഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി യുവാവിനെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. സീനിയർ സിപിഒമാരായ സുമേഷ്, നാരായണൻ എന്നിവരും യുവാക്കളും ചേർന്നു കീഴ്പ്പെടുത്തി താഴെയിറക്കി.