കുതിരാൻ തുരങ്കം ഇനിയും തുറന്നു കൊടുക്കില്ല…

കുതിരാൻ: കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കങ്ങളിലൊന്ന്‌ ജൂലായ് 15-ന് തുറന്നുകൊടുക്കില്ല. ഇത്‌ തുറന്നുകൊടുക്കുമെന്ന ജനപ്രതിനിധി സംഘത്തിന്റെ ഉറപ്പും പാഴായി.
നിർമാണം ഏറക്കുറെ പൂർത്തീകരിച്ച ഒന്നാമത്തെ തുരങ്കത്തിൽ പോലും പണി പൂർത്തിയാകണമെങ്കിൽ മൂന്നു മാസത്തോളം വേണ്ടി വരും. ഈ മഴക്കാലത്ത് തുറക്കാനുള്ള സാധ്യത തീരെയില്ല.

തുരങ്കം തുറന്നുകൊടുക്കുന്നത്‌ സംബന്ധിച്ച് ഔദ്യോഗികമായി ജനപ്രതിനിധികൾ ആരും രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ ദേശീയപാത അതോറിറ്റി അധികൃതർ പറഞ്ഞു.

അർദ്ധവൃത്താകൃതിയിലുള്ള തുരങ്കത്തിന്റെ മുകൾഭാഗം പൂർണമായും ഉരുക്കുപാളി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കണം എന്നാണ് നിയമം. എന്നാൽ തുരങ്കത്തിന്റെ തുടക്കവും ഒടുക്കവും മാത്രമാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. പാറക്കെട്ടിന് ബലമുള്ള സ്ഥലങ്ങളിൽ ഇപ്രകാരം ചെയ്യേണ്ട എന്നായിരുന്നു കമ്പനിയുടെ വാദം. എന്നാൽ ഇത് സുരക്ഷയ്ക്കു ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇത് പൂർണമായും ചെയ്തുതീർക്കലാണ് ഏറെ ശ്രമകരമായ പണി.