മാസങ്ങൾക്കുമുമ്പ് പൂർണമായി ടാറിട്ട് പുതുക്കിപ്പണിത ദേശീയപാത വീണ്ടും തകർന്നുതുടങ്ങി. ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ തിരുവത്ര അത്താണിക്ക് സമീപത്താണ് റോഡ് തകർന്ന് തുടങ്ങിയത്.
ലോക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പാണ് ദേശീയ പാത പുതുക്കി ടാറിട്ട് നിർമിച്ചത്. ലക്ഷങ്ങൾ ചെലവിട്ടാണ് എടക്കഴിയൂർ മുതൽ മണത്തല വരെ പുതുക്കിപ്പണിതത്. എന്നാൽ, നാലു മാസം പിന്നിടുമ്പോഴേക്കും റോഡ് പൊളിഞ്ഞു തുടങ്ങി.
പൂർണമായും തകർന്നു കിടന്ന ദേശീയ പാത ശരിയാക്കാൻ ആവശ്യപ്പെട്ട് നിരവധി സമരങ്ങളും പ്രതിഷേധങ്ങളും നടന്നിരുന്നു. ബസ് ഉൾപ്പെടെ വാഹനങ്ങൾ ഓടാതിരിക്കുകയും രാഷ്ട്രീയ കക്ഷികളും സംഘടനകളും സമര രംഗത്ത് ഇറങ്ങുകയും ചെയ്തു. എന്നാൽ ദേശീയ പാത സ്ഥിരമായി സമര വേദിയാവുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിൽ നിരവധി സമരങ്ങൾക്കൊടുവിലാണ് റോഡ് പൂർണമായും ടാറിട്ട് പുതുക്കിപ്പണിതത്.
നിലവിൽ മഴ ശക്തമായാൽ റോഡ് കൂടുതൽ തകരുമെന്ന ആശങ്കയാണ് നാട്ടുകാർക്ക്. റോഡ് പൂർണമായി തകർന്ന് ഗതാഗതം താറുമാറാകുന്നതു വരെ കാത്തു നിൽക്കാതെ, യഥാസമയം അറ്റകുറ്റപ്പണി നടത്തി ദേശീയപാത സംരക്ഷിക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.