തൃശ്ശൂർ : പെട്ടി ഓട്ടോയിൽ മാലിന്യം തട്ടാൻ വന്ന് വാഹനം പാടത്ത് താഴ്ന്നതോടെ ഡ്രൈവർ കടന്നു കളഞ്ഞു. പാട്ടുരായ്ക്കൽ കോലോത്തും പാടത്തതാണ് സംഭവം. വലിയ പ്ലാസ്റ്റിക് കവറിലാക്കി സെപ്റ്റിക് മാലിന്യം തട്ടാൻ വന്ന പെട്ടി ഓട്ടോറിക്ഷ പാടത്ത് കുടുങ്ങിയതോടെ ഡ്രൈവറും കൂടെയുള്ളവരും വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
കൗൺസിലർ ജോൺ ഡാനിയൽ സ്ഥലത്തെത്തി കോർപ്പറേഷൻ സെക്രട്ടറിയെ വിവരമറിയിച്ചു. വിയ്യൂർ പോലീസ് സ്ഥലത്തെത്തി. സെക്രട്ടറി പി രാധാകൃഷ്ണന്റെ നിർദേശപ്രകാരം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മേൽ നടപടികൾ സ്വീകരിച്ചു. വാഹന ഉടമയേയും ഓടിച്ചിരുന്ന ആളെയും സംബന്ധിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും സെപ്റ്റിക് മാലിന്യം തട്ടിയ സാമൂഹ്യ വിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും വിയ്യൂർ എസ് ഐ ഡി ശ്രീജിത്ത് പറഞ്ഞു.