കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തൃശൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേർട്ട് ഉണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. തീരദേശവാസികൾ ജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
തീരങ്ങളിൽ മണിക്കൂറിൽ 55 കിമി വരെ വേഗതയിൽ ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ പെരിങ്ങൽക്കുത്ത് ഡാമിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ.. ജലനിരപ്പ് 418 മീറ്ററായതിനെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തിൽ, ചാലക്കുടി പുഴയിൽ കുളിക്കാനോ വസ്ത്രം അലക്കാനോ ഇറങ്ങരുതെന്നും വഞ്ചിയോ ചങ്ങാടമോ ഇറക്കരുതെന്നും ജില്ലാ കളക്ടർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. വൃഷ്ടിപ്രദേശത്ത് മഴ കനത്തതിനെ തുടർന്ന്, ജൂലൈ അഞ്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കാണ് ജലനിരപ്പ് 418 മീറ്ററായത്. ജലനിരപ്പുയർന്ന് 419.4 മീറ്ററായാൽ റെഡ് അലേർട്ട് പുറപ്പെടുവിക്കും. 419.4 മീറ്ററായാൽ ഡാമിലെ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുകും. ജലനിരപ്പ് 417 മീറ്ററായതോടെ ബ്ലൂ അലേർട്ട് പുറപ്പെടുവിച്ചിരുന്നു.