എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സേവനം ഇനി ഓൺലൈനിൽ ചെയ്യാം…

കോവിഡ് 19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉദ്യോഗാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഓൺലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നും നൽകുന്ന രജിസ്ട്രേഷൻ, പുതുക്കൽ, സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ 2009 സെപ്റ്റംബർ 30 വരെ ഉദ്യോഗാർഥികളുടെ സൗകര്യാർത്ഥം www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രമായിരിക്കും ലഭിക്കുക.

ശരണ്യ / കൈവല്യ സ്വയംതൊഴിൽ പദ്ധതികളുടെ വായ്പാ തിരിച്ചടവ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനം കിട്ടിയവരുടെ വിടുതൽ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നീ സേവനങ്ങൾ ബന്ധപ്പെട്ട എക്സ്ചേഞ്ചുകൾ വഴി നേരിട്ട് ലഭ്യമാക്കുന്നതാണ്. പുതിയ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് ചേർക്കൽ എന്നിവ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി നിർവഹിക്കണം.

അസ്സൽ സർട്ടിഫിക്കറ്റുകൾ 2020 ഒക്ടോബർ മാസം മുതൽ 2020 ഡിസംബർ 31നകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പരിശോധനയ്ക്കായി ഹാജരാക്കിയാൽ മതിയാകും. 2019 ഡിസംബർ 20ന് ശേഷം ജോലിയിൽ നിന്നും നിയമാനുസൃതം വിടുതൽ ചെയ്യപ്പെട്ട് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദ്യോഗാർഥികൾക്ക് 2020 ഡിസംബർ 31 വരെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് വിടുതൽ സർട്ടിഫിക്കറ്റ് ചേർത്ത് നൽകുന്നതാണ്.

2020 ജനുവരി മുതൽ 2020 സെപ്റ്റംബർ വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് 2020 ഡിസംബർ 31വരെ രജിസ്ട്രേഷൻ പുതുക്കൽ അനുവദിക്കുന്നതാണ്. 2019 മാർച്ചിനോ അതിനുശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ട പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കും ഈ ആനുകൂല്യം 2020 ഡിസംബർ 31 വരെ ലഭിക്കും. ഈ കാലയളവിൽ ഉദ്യോഗാർത്ഥികൾ ഫോൺ/ ഇമെയിൽ മുഖേന അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ബന്ധപ്പെട്ട് രജിസ്ട്രേഷൻ പുതുക്കണം.

ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾക്കായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടുക. ഫോൺ- 0487 2331016, 2333742, ഇമെയിൽ വിലാസം: deestr.emp. lbr@kerala.gov.in.