കോവിഡ് സ്ഥിരീകരിച്ച ഗുരുവായൂർ ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ജൂൺ 15നും 22നും ജൂൺ 25നും ജോലി ചെയ്ത ബസ് റൂട്ടിന്റെ വിവരം ആരോഗ്യ വകുപ്പ് ലഭ്യമാക്കി.
ജൂൺ 15നും 22നും ഗുരുവായൂർ-പാലക്കാട് റൂട്ടിൽ യാത്ര ചെയ്ത ആർ.പി.സി 108 നമ്പർ ബസ് ഈ രണ്ട് തീയതികളിലും രാവിലെ 8.30 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് രാവിലെ 11 മണിക്ക് പാലക്കാടെത്തി.
പാലക്കാട് നിന്ന് രാവിലെ 11.45ന് പുറപ്പെട്ട് ഉച്ച 2.15 ന് ഗുരുവായൂരിൽ തിരിച്ചെത്തി. ഗുരുവായൂരിൽനിന്ന് ഉച്ച മൂന്നിന് പുറപ്പെട്ട് വൈകീട്ട് 5.30ന് പാലക്കാടെത്തി.
പാലക്കാട് നിന്ന് വൈകീട്ട് ആറ് മണിക്ക് പുറപ്പെട്ട് രാത്രി 8.30ന് ഗുരുവായൂരിലെത്തി യാത്ര അവസാനിപ്പിച്ചു. ജൂൺ 25ന് ആർ.പി.സി 718 ബസ് ഗുരുവായൂർ- വാടാനപ്പള്ളി- തൃശൂർ- വൈറ്റില റൂട്ടിലാണ് സർവീസ് നടത്തിയത്.
രാവിലെ 8.45ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് ഉച്ച 12ന് വൈറ്റില, 12.30ന് വൈറ്റിലയിൽ നിന്ന് പുറപ്പെട്ട് 3.30ന് ഗുരുവായൂർ. പിന്നീട് വൈകീട്ട് 4.25ന് ഗുരുവായൂർ-കുന്നംകുളം വഴി 6.30ന് അങ്കമാലി.
6.45നു അങ്കമാലിയിൽ നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിന് ഗുരുവായൂരൂലെത്തി യാത്ര അവസാനിപ്പിച്ചു. ഈ ബസിൽ ജോലി ചെയ്ത മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്ക് പനിയെ തുടർന്ന് ജൂൺ 27നാണ് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചത്.
ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കം പുലർത്തിയ യാത്രക്കാർ, ജീവനക്കാർ എന്നിവർ അടിയന്തിരമായി അതത് പ്രദേശത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം ഹോം ക്വാറന്റൈനിൽ പ്രവേശിക്കേണ്ടതാണെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഗുരുവായൂർ പൂക്കോട് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെടുക.
ഫോൺ: 9400541374