സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്…. ഇനി ഒല്ലുരിന്…

കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശ്ശൂര്‍ സിറ്റി പോലീസ് ജില്ലയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുത്തു. മയക്കുമരുന്ന് ഉൽപ്പാദനം, ഉപയോഗം, വിപണനം എന്നിവക്കെതിരെ ശക്തമായ നിയമനടപടികൾ, വ്യാജവാറ്റ്, അനധികൃത മദ്യ നിർമ്മാണം തുടങ്ങിയവ തടയാനുള്ള എക്സൈസ് നിയമം ഫലപ്രദമായി നടപ്പാക്കൽ, ആയുധനിയമം ലംഘിക്കുന്നവർക്കെതിരെയുള്ള നടപടികൾ, കുറ്റവാളികൾക്കും, കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കും എതിരായി വിവിധ കേസുകളിൽ ഉൾപ്പെട്ട് കോടതികളിൽ നിന്നും പുറപ്പെടുവിക്കുന്ന വാറണ്ടുകൾ നടപ്പാക്കല്‍, മുൻ കുറ്റവാളികളും, സാമൂഹ്യവിരുദ്ധരും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കുന്നതിനുള്ള കരുതല്‍ നടപടികള്‍, ദീർഘകാലമായി അന്വേഷണം നടന്നു വരുന്നതും വിചാരണ നേരിടുന്നതുമായ പഴയ കേസുകൾ തീർപ്പാക്കുന്നതിൽ സ്വീകരിച്ച നടപടികള്‍, പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിച്ച വിവിധ കേസുകളിൽ കോടതികൾ പുറപ്പെടുവിച്ച ശിക്ഷാവിധികള്‍ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി ഒല്ലൂർ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്.

പാസ്പോർട്ട് അപേക്ഷകളിൽ വേഗത്തിലുള്ള അന്വേഷണം, ആയുധ ലൈസൻസ്, സ്ഫോടക വസ്തു ലൈസൻസ് എന്നിവ അനുവദിക്കുന്നതിനുള്ള പോലീസ് അന്വേഷണം, റോഡപകടങ്ങള്‍ കുറക്കുന്നതിനുള്ള എൻഫോഴ്സ്മെന്റ് നടപടികൾ, പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാനം നിലനിർത്തുന്നതിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങൾ എന്നിവയും, ദുർബല വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നടത്തിയ ക്രമീകരണങ്ങളും അവാർഡ് ലഭിക്കുവാൻ ഘടകങ്ങളായി.
തൃശ്ശൂര്‍ സിറ്റിപോലീസിനു ലഭിച്ച ഈ നേട്ടം എന്‍റെ എല്ലാ സഹപ്രവര്‍ത്തകര്‍ക്കും ജില്ലയ്ക്കും വേണ്ടി സമര്‍പ്പിക്കുന്നു.