10 കോടി രൂപ ചെലവഴിച്ച് കുന്നംകുളം നഗരസഭാ പ്രദേശത്തെ കുറുക്കൻ പാറയിൽ താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം..

10 കോടി രൂപ ചെലവഴിച്ച് കുന്നംകുളം നഗരസഭാ പ്രദേശത്തെ കുറുക്കൻ പാറയിൽ നിർമ്മിക്കുന്ന കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം 2മാസത്തിനകം ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. കുന്നംകുളത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് ഉൾപ്പെടെ യുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള യോഗ ത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നാലേക്കർ സ്ഥലത്ത് നിർമ്മിക്കുന്ന ആസ്ഥാന മന്ദിരം 37,000 ചതുരശ്ര അടിയിൽ അഞ്ചു നിലകളിലാണ് നിർമ്മിക്കുക. നവീന രീതിയിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനുള്ള നിർദ്ദേശവും അതിന് വേണ്ട മാർഗനിർദ്ദേശങ്ങളും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിന്റെ ചുറ്റുമതിലിന്റെ നിർമ്മാണമാണ് ആദ്യം ആരംഭിക്കുന്നത്. ആധുനിക സൗകര്യത്തോടെയുള്ള നിർമ്മാണ രീതിയാണ് നടത്തുക.

ഏറ്റവും പുതിയ രീതിയിലുള്ള കവാടം, പൂന്തോട്ടം, പാർക്കിങ്, ലാന്റ് സ്‌കേപ്പിങ്, രണ്ടാംഗേറ്റ് തുടങ്ങിയവയും ഉണ്ടാകും. കെട്ടിടത്തിനുള്ളിൽ നിശ്ചിത സ്ഥലത്ത് വിവിധ ഓഫീസുകളെ ഉൾപ്പെടുത്തും. വീഡിയോ കോൺഫറൻസ് ഹാളുമുണ്ടാകും.8500 ചതുരശ്ര അടി സ്ഥലം കെട്ടിടത്തിൽ താലൂക്ക് ഓഫീസ് പ്രവർത്തനത്തിന് മാത്രമായി മാറ്റിവെയ്ക്കും. ഈ കെട്ടിടത്തോട് ചേർന്ന് മറ്റൊരു കെട്ടിടത്തിൽ കാന്റീനും കോംപൗണ്ടിനുള്ളിൽ പൊതു ജനങ്ങൾക്കുപയോഗിക്കാനുള്ള ടോയ്ലറ്റ് ബ്ലോക്കും നിർമ്മിക്കും.