ഓ എൽ എക്സ് പോലുള്ള സെക്കന്റ്ഹാന്റ് ഓൺലൈൻ വിൽപ്പന സൈറ്റുകൾ വഴി വൻ തട്ടിപ്പ്..

thrissur arrested

സെക്കന്റ്ഹാന്റ് ഓൺലൈൻ വിൽപ്പന സൈറ്റുകൾ വഴി വൻ തട്ടിപ്പ്. ഓ എൽ എക്സ് പോലുള്ള സെക്കന്റ് ഹാന്റ് ഓൺലൈൻ വിൽപ്പന സൈറ്റുകൾ വഴി ഉപഭോക്താക്കളിൽ നിന്നും പണം തട്ടിയെടുക്കുന്ന സംഘം പ്രവർത്തിക്കുന്നതായി തൃശൂർ സിറ്റി പോലീസ് സൈബർസെല്ലും സമൂഹ മാധ്യമ വിഭാഗവും കണ്ടെത്തിയിരിക്കുന്നു.

ഇത്തരക്കാരുടെ പ്രവർത്തന രീതി: ഓൺലൈൻ വാഹന വിൽപ്പന സൈറ്റുകളിൽ പട്ടാളത്തിൽ ജോലി ചെയ്യുന്നവരുടേയോ, റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥരുടേയോ പേരിൽ പ്രൊഫെൽ രജിസ്റ്റർ ചെയ്യുന്നു. മിലിറ്ററി ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച ഫോട്ടോ പ്രൊഫൈലിൽ നൽകുന്നു.

ദീർഘകാലം ഇന്ത്യൻ മിലിട്ടറിയിൽ ഉപയോഗിച്ച വാഹനങ്ങൾ, പുരാവസ്തുമൂല്യമുള്ള ഉപകരണങ്ങൾ, അധികം ഉപയോഗിച്ചിട്ടില്ലാത്ത ക്യാമറ, മൊബൈൺഫോൺ തുടങ്ങിയ വസ്തുക്കൾ ഓൺലൈൻ സൈറ്റുകളിൽ ഇവർ വിൽപ്പനയ്കുവെക്കുന്നു. ആരേയും മോഹിപ്പിക്കുന്ന രീതിയിൽ മികച്ച ഫോട്ടോകളും, വീഡിയോകളും ഉപയോഗിച്ച് വിൽപ്പനയ്ക് വെച്ചിട്ടുള്ള വസ്തുക്കൾക്ക് ആകർഷണത്വം സൃഷ്ടിക്കുന്നു.

വാഹനപ്രിയരും, പുരാവസ്തു പ്രേമികളും ഇത്തരം വസ്തുക്കൾക്ക് ഓൺലൈൻ വിൽപ്പന സൈറ്റുകളിലൂടെ ആവശ്യമുന്നയിക്കുന്നു. ആവശ്യക്കാരുടെ മൊബൈൽ നമ്പർ ഇവർ കൈക്കലാക്കുന്നു. മിലിട്ടറി ഉദ്യോഗസ്ഥ നാണെന്നും വിശ്വസിക്കാവുന്ന ആളാണെന്നും ബോധ്യപ്പെടുത്താൻ ഐഡിന്റിറ്റി കാർഡുകളുടെ പകർപ്പും, വാഹനങ്ങളുടെ ഫോട്ടാകളും വാട്സ്ആപ്പിലൂടെ കൈമാറുന്നു. തുടർന്ന് ചാറ്റിങ്ങിലൂടെ ബന്ധം ദൃഢമാക്കുന്നു. ഇന്ത്യൻ മിലിട്ടറി ഉപയോഗിച്ച വാഹനങ്ങൾ ലേലത്തിൽ എടുത്ത് വിൽപ്പന നടത്തുന്നത് അല്ലെങ്കിൽ പുരാതന വസ്തുക്കളുടെ അംഗീകൃത വിൽപ്പനക്കാരൻ എന്ന നിലയിൽ ഇടപാടുകാരെ വശത്താക്കാനുള്ള പ്രത്യേക വാക്ചാതുര്യം ഇവർക്കുണ്ടാകും.

താരതമ്യേന താഴ്ന്ന വില. വാങ്ങുന്ന സാധനം ഉപഭോക്താവിന് എത്തിച്ചു നൽകുമെന്ന ഉറപ്പ്. മിലിട്ടറി ഉദ്യോഗസ്ഥൻ എന്ന നിലയിൽ വിശ്വാസ്യത. ഇടപാടുകാർ വാങ്ങൽ ഉറപ്പിച്ചുകഴിഞ്ഞാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി തുടങ്ങിയ രേഖകൾ വാട്സ്ആപ്പിലൂടെ അയച്ചു നൽകുന്നു. ഇതോടെ കൈവശ രേഖ ലഭിച്ചതായി വാങ്ങുന്നയാൾ തെറ്റിദ്ധരിക്കുന്നു. വാഹനമോ, ഉപകരണങ്ങളോ എത്തിച്ചു നൽകുന്നതിലേക്കായി താരതമ്യേന വലിയ ഒരു തുക ആവശ്യപ്പെടുന്നു. വാങ്ങുന്നയാളിൽ വിശ്വാസ്യത ജനിപ്പിച്ചിട്ടുള്ളതിനാൽ ഈ തുക നിർദ്ദേശിച്ച ഏതെങ്കിലും ബാങ്ക് എക്കൌണ്ടിൽ ഉപഭോക്താവ് നിക്ഷേപിക്കുന്നു.

ആഴ്ചകൾ കഴിഞ്ഞിട്ടും വാഹനമോ, സാധനമോ ലഭിക്കാതിരിക്കുമ്പോഴായിരിക്കും ഉപഭോക്താവ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കുക. ഉപഭോക്താവ് മൊബൈൽഫോണിൽ ബന്ധപ്പെടുമ്പോൾ എന്തെങ്കിലും ഒഴിവുകഴിവുകൾ പറയുന്നു. അതിനാൽ ചതിയ്ക്കപ്പെട്ട ആളുകൾ പോലീസിൽ പരാതി നൽകുന്നതിന് കാലതാമസം നേരിടുന്നു. ഈ സമയത്തിനകം കുറ്റവാളികളുടെ ബാങ്ക് എക്കൌണ്ടിൽ ഉപഭോക്താവ് നിക്ഷേപിച്ച തുക അവർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ ക്യാമറ പോലുള്ള വിലപിടിപ്പുള്ള വസ്തുക്കൾക്ക് ഉപഭോക്താക്കൾ പണം നൽകി ഓർഡർ ചെയ്തതിനുപകരം തട്ടിപ്പുകാർ അയച്ചുനൽകിയത് ഉപയോഗശൂന്യമായ പാഴ് വസ്തുക്കൾ.


പൊതുജനങ്ങളുടെ അറിവിലേക്ക്:തൃശൂർ ജില്ലയിൽ സമീപ ദിവസങ്ങളിലായി നിരവധിപേർ ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ടതായി അറിവായിട്ടുണ്ട്. നിരവധി ആളുകളിൽ നിന്നും പണം നഷ്ടപ്പെട്ടു. വടക്കേ ഇന്ത്യയിലെ നഗരങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന സൈബർ ക്രിമിനലുകളാണ് ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ. ഓൺലൈൻ വിപണികളിലൂടെ സെക്കന്റ് ഹാന്റ് വാഹനങ്ങളോ, വസ്തുക്കളോ വാങ്ങുകയോ വിൽക്കുകയോ ചെയ്യുമ്പോൾ മുൻകൂർ പണമിടപാടുകൾ നടത്തരുത്. സൈബർ തട്ടിപ്പുകാർ ഹിന്ദിയിലോ ഇംഗ്ലീഷിലോ ആണ് സംസാരിക്കുന്നത്. മിലിട്ടറി ഉദ്യോഗസ്ഥരാണെന്ന വ്യാജേനയുള്ള സംഭാഷണങ്ങളിൽ കുരുങ്ങരുത്. വിശ്വസനീയമായവരിൽ നിന്നും മാത്രം സാധനങ്ങൾ വാങ്ങുക.

പണം തട്ടിയെടുക്കുന്നവരുടെ ചതിക്കുഴിയിൽ വീഴാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കുക. വ്യക്തിപരമായി ഉപഭോക്താക്കൾ നടത്തുന്ന ഇടപാടായതിനാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഓൺലൈൻ വെബ്സൈറ്റുകൾക്ക് ചിലപ്പോൾ ഉത്തരവാദിത്വമുണ്ടാകണമെന്നില്ല. ഓർക്കുക: നിങ്ങളുടെ പണം സൂക്ഷിക്കാൻ നിങ്ങളേക്കാൾ നന്നായി മറ്റാർക്കുമാകില്ല.