ദുരിത പ്രവാസത്തിൽ നിന്നും മണികണ്ഠൻ നാളെ തിരികെയെത്തും, പക്ഷാഘാതം തളർത്തിയ തന്റെ ശരീരവുമായി.. ഇനി ആവശ്യം തുടര്‍ചികിത്സയും, ക്വാറന്റീന്‍ സൗകര്യവും…

പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായ തിരുവനന്തപുരം പാറശ്ശാല പൊഴിയൂര്‍ ഉച്ചക്കട സ്വദേശി മണികണ്ഠന്‍ നാളെ(ജൂണ്‍ 21) ബഹ്‌റൈനില്‍ നിന്നും നാട്ടിൽ എത്തും. ഇന്ത്യൻ സമയം ഉച്ചക്ക് 2:00ന് ബഹ്റൈനിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ റീപാട്രീഷന്‍ വിമാനത്തിലാവും മണികണ്ഠന്‍ തന്റെ ജന്മനാട്ടിലെത്തുക. അതേസമയം ഇവിടെ എത്തിച്ചേര്‍ന്നാല്‍ കഴിയാനുള്ള ക്വാറന്റീന്‍ സൗകര്യം ഒരുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രായമായ അമ്മയും 7 വയസുകാരിയായ മകളും ഭാര്യയുമാണ് മണികണ്ഠന്റെ വീട്ടിലുള്ളത്. ക്വാറന്റീനില്‍ കഴിയാകാന്‍ പാകത്തിനുള്ള സൗകര്യങ്ങളൊന്നും അവിടെയില്ല. ബാത്‌റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വീടിന് പുറത്തായതിനാൽ എന്ത് ചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലായിരിക്കുകയാണ് മണികണ്ഠൻ്റെ ഉറ്റവർ.

സര്‍ക്കാര്‍ തലത്തില്‍ ഒരുക്കുന്ന ക്വാറന്റീന്‍ സൗകര്യത്തില്‍ കഴിയാന്‍ നിലവില്‍ മണികണ്ഠന് കഴിയില്ല. സ്വന്തമായി എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ്. പക്ഷാഘാതം അദ്ദേഹത്തിന്റെ സംസാര ശേഷിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം വാർത്തയുടെ സഹോദര സ്ഥാപനമായ ബഹ്റൈൻ വാർത്തയായിരുന്നു മണികണ്ഠൻ്റെ അവസ്ഥ പുറത്തെത്തിച്ചത്. കോവിഡ് ഭീതി പടരുന്നതിനാൽ അധികനാൾ ബഹ്റൈനിലെ ആശുപത്രിയിൽ തുടരാൻ കഴിയാത്ത സാഹചര്യമായിരുന്നതിനാൽ തുടർന്ന് നടന്ന ഇടപെടലുകളിലൂടെ മടക്കയാത്രക്കുള്ള വഴിയൊരുങ്ങുകയായിരുന്നു.

ബഹ്‌റൈനിലെ സുമനുസുകളായ ചില വ്യക്തികളുടെ സഹായത്തോടെയാണ് മണികണ്ഠന്‍ നാട്ടിലേക്കുള്ള യാത്ര സാധ്യമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെറിയ പനി അനുഭവപ്പെട്ടതിനെ തുടർന്ന് മണികണ്ഠനെ കോവിഡ് പരിശോധനക്കും വിധേയമാക്കിയിരുന്നു. തുടർന്ന് വന്ന ഫലത്തിൽ നെഗറ്റീവ് ആയതിൻ്റെ ആശ്വാസവും രേഖയുമായാണ് മടക്കയാത്രക്ക് ഒരുങ്ങുന്നത്. ഇനി അദ്ദേഹത്തെ സഹായിക്കേണ്ടത് ജന്മനാടാണ്.

തുടര്‍ ചികിത്സ മണികണ്ഠന്റെ ആരോഗ്യ വീണ്ടെടുക്കാന്‍ സഹായിക്കുമെന്ന് നേരത്തെ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടിരുന്നു. ഫിസിയോ തെറാപ്പിയും മറ്റു ചികിത്സകളും മണികണ്ഠനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കുമെന്നാണ് കുടുംബത്തിന്റെയും പ്രതീക്ഷ. എന്നാല്‍ ക്വാറന്റീന്‍ സൗകര്യവും തുടര്‍ ചികിത്സയ്ക്കുള്ള പണച്ചെലവും കണ്ടെത്തുകയെന്നത് പ്രവാസി കുടുംബത്തെ സംബന്ധിച്ച് അപ്രാപ്യമായ കാര്യമാണ്.

മണികണ്ഠനെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. നിലവിലെ ദുരവസ്ഥയിൽ ജനപ്രതിനിധികളും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറും വിഷയത്തില്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ മണികണ്ഠന്റെ കുടുംബം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഏകദേശം ഒന്നരാഴ്ച്ച മുന്‍പാണ് ബഹ്റൈനില്‍ നിര്‍മ്മാണ തൊഴിലാളിയായ മണികണ്ഠന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലായത്. ഉറക്കത്തിനിടയിലുണ്ടായ പക്ഷാഘാതം അദ്ദേഹത്തിന്റെ സംസാര ശേഷിയെയും നഷ്ടപ്പെടുത്തുകയായിരുന്നു.