ജില്ലയിലെ കർഷകർക്കായി കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ഉടൻ നടപ്പിലാക്കും

കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ത്വരിതപ്പെടുത്തുവാൻ വേണ്ട നടപടികൾ ജില്ലയിൽ ഉടൻ തന്നെ സ്വീകരിക്കാൻ തീരുമാനമായി. ക്ഷീരവികസന മത്സ്യ കർഷകർക്കുള്ള പദ്ധതിയാണിത്.
ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ ജില്ലയിലെ വിവിധ ബാങ്ക് പ്രതിനിധികളുമായി നടത്തിയ ജില്ലാതല വിശകലന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായങ്ങൾക്കുള്ള ഗ്യാരണ്ടിഡ് എമർജൻസി ക്രെഡിറ്റ് ലൈൻ പദ്ധതിയും ഇതോടൊപ്പം നടപ്പിലാക്കും. ജില്ലയിലെ എല്ലാ വ്യവസായ സംരംഭകർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കും. തൃശൂർ ജില്ലയിൽ മുപ്പതിനായിരം ക്ഷീര കർഷകരെയാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ ഗുണഭോക്താക്കളാക്കാൻ ഉദ്ദേശിക്കുന്നത്.

1,60,000 രൂപ വരെ പ്രവർത്തന മൂലധനമായി വസ്തു പണയപ്പെടുത്താതെ ബാങ്കുകളിൽ നിന്നും വായ്പ ലഭിക്കും. ഇതിനായി കർഷകർ അടുത്തുള്ള ബാങ്കിനെ സമീപിക്കണം. എല്ലാ പി എം -കിസാൻ ഗുണഭോക്താക്കളെയും കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരും. .