കേരളത്തിലെ കഴിഞ്ഞ രണ്ടു വർഷത്തെ പ്രളയാനുഭവങ്ങൾ മുന്നിൽ നിൽക്കെ കോവിഡ് ഭീതി കൂടി ഒന്നിച്ചെത്തുമ്പോൾ അതിനെ നേരിടാൻ ജില്ലാ ദുരന്തനിവാരണ മാനേജ്‌മെന്റ് അതോറിറ്റി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.
ദേശീയ ദുരന്തനിവാരണ സേന, ഫയർ ആന്റ് റെസ്‌ക്യു വിഭാഗം, പോലീസ്, ആരോഗ്യ വിഭാഗം തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടാണ് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ടേബിൾ ടോപ് എക്‌സസൈസായി മോക്ക് ഡ്രിൽ നടത്തിയത്. കഴിഞ്ഞ രണ്ടുവർഷവും ഉണ്ടായ പ്രളയത്തെ മുൻനിർത്തി വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ സാധ്യതയുള്ള ജില്ലയിലെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് മോക്ക് ഡ്രിൽ നടത്തിയത്.
വരും ദിവസങ്ങളിൽ ഓരോ സ്ഥലങ്ങളിലും മോക്ക് ഡ്രിൽ സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ദുരന്ത മേഖലകളെ പ്രത്യേകം ശ്രദ്ധിച്ച് മുന്നോട്ടു പോകാനും ഇതോടൊപ്പം അതിനു വേണ്ട തയ്യാറെടുപ്പുകൾ നടത്താനും പദ്ധതി ആവിഷ്‌ക്കരിച്ചു. ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാല് പേർ അകപ്പെടുകയും അതിലൊരാൾ കോവിഡ് രോഗിയും എന്നതായിരുന്നു മോക്ക് ഡ്രിൽ സെനാറിയോ.
സംഭവത്തിൽ പഞ്ചായത്ത് അറിയിപ്പിലൂടെ ഡി ഇ ഒ സി, ദുരന്ത നിവാരണ വിഭാഗം, പോലീസ്, ആരോഗ്യ വിഭാഗം, ദേശീയ ദുരന്തനിവാരണ സേന, ഫയർ ആന്റ് റെസ്‌ക്യു തുടങ്ങി നിരവധി വകുപ്പുകൾ കൂട്ടായി പ്രവർത്തിച്ച് ദുരന്തവും കോവിഡ് രോഗവും തടയുന്ന പ്രവർത്തനങ്ങളാണ് മോക്ക് ഡ്രില്ലിൽ അവതരിപ്പിച്ചത്.