ജില്ലയിൽ സമ്പൂർണ അടച്ചിടൽ ഇല്ല: മന്ത്രി എ. സി മൊയ്തീൻ

കോവിഡ് വ്യാപന ഭീതിയുണ്ടെങ്കിലും തൃശ്ശൂര്‍ ജില്ലയിൽ സമ്പൂർണ്ണ അടച്ചിടൽ ഏർപ്പെടുത്തില്ലെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യങ്ങളൊന്നുമില്ല. എങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി അറിയിച്ചു.

ജില്ലയിൽ പന്ത്രണ്ടായിരത്തിലധികം പേർ നിരീക്ഷണത്തിലുണ്ട്. കണ്ടെയ്ൻമെൻറ് സോണുകളിൽ ഉൾപ്പെടെയുള്ളവർ അസുഖത്തെ കൂടുതൽ ഗൗരവത്തോടെ കാണണം. സമ്പൂർണ്ണ അടച്ചിടൽ പരിഹാരമല്ല. ജാഗ്രതയോടെ സമീപിക്കുകയാണ് വേണ്ടതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ആൻറി ബോഡി ടെസ്റ്റ്, സ്വാബ് ടെസ്റ്റ് എന്നിവയുടെ എണ്ണവും വർധിപ്പിക്കും. കണ്ടെയ്ൻമെൻറ് സോണുകളിലൂടെയുള്ള യാത്രകൾ കഴിവതും ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വാർഡ് തലത്തിൽ പരിശോധനകൾ നടത്തും.

നിയമലംഘനത്തിനെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കളക്ട്രേറ്റില്‍ പ്രത്യേകമായി ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്.