പുതുക്കാട് മണ്ഡലത്തിലെ ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃക; മുഖ്യമന്ത്രി

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജൈവ വൈവിധ്യ ഉദ്യാനം കേരളത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൈവ വൈവിധ്യ ഉദ്യാനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത്സം സരിക്കുക യായിരുന്നു അദ്ദേഹം. നാടിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം മുന്നിൽക്കണ്ട് നടപ്പിലാക്കുന്ന ഇത്തരം നല്ല ആശയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് നാടിന് ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൃഷിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ജൈവ വൈവിധ്യ ഉദ്യാനമൊരുക്കുന്നതിലൂടെ നമുക്ക് കഴിയും. 14 തരം കപ്പ ഇനങ്ങൾമാത്രം കൃഷിചെയ്യുന്ന കപ്പ വൈവിധ്യ ഉദ്യാനവും ഇതിന്റെ ഭാഗമായി ഒരുക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ഈ ബൃഹത്തായ പദ്ധതി ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നത്.

നാടിന്റെ നഷ്ടപ്പെട്ട കാർഷിക സംസ്കാരത്തെ പൂർവ്വാധികം ശകതിയോടെ തിരിച്ചു കൊണ്ടുവരാനും മൺമറഞ്ഞു കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യ സംസ്‌ക്കാരത്തിലേക്ക് തിരിച്ചു പോകാനുള്ള തയ്യാറെടുപ്പുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കർഷകരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പരിശ്രമത്തിലൂടെ സുഭിക്ഷ കേരളം പദ്ധതി വ്യാപകമാക്കാൻ നമുക്ക് കഴിയണമെന്നും. അതിന് ഉത്തമ ഉദാഹരണമായി തൃശ്ശൂര്‍ പുതുക്കാട്ടെ ജൈവ വൈവിധ്യ ഉദ്യാനം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ജൈവ വൈവിധ്യ ഉദ്യാനത്തിനായി വിവിധ തരം പ്ലാവിൻ തൈകൾ നൽകിയ കെ ആർ ജയനെ ആദരിച്ചു.
കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്, ടി എൻ പ്രതാപൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.