നിരീക്ഷണത്തിൽ കഴിയുന്ന ഗൾഫിൽ നിന്നും എത്തിയ ജാൻസിക്കും 10 മാസം പ്രായമായ കുഞ്ഞിനും പാചകവാതകവും ഭക്ഷ്യ വസ്തുക്കളുമായി പോലീസുദ്യോഗസ്ഥയായ ജാൻസി..

വിദേശത്ത് നിന്നും വന്ന നിരവധിയാളുകൾ ജില്ലയുടെ പലഭാഗങ്ങളിലെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. രോഗം രണ്ടാമതും ജില്ലയിൽ ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരെയും ഒറ്റപ്പെടുത്തുന്ന പ്രവണതയും ഉയർന്നുവരാൻ തുടങ്ങി. അത്തരത്തിൽ ഒരു വിഷമ ഘട്ടത്തിലൂടെ കടന്നു പോയ അമ്മക്കും ഒരു വയസ് പോലുമില്ലാത്ത പിഞ്ചു കുഞ്ഞിനും തുണയാവുകയാണ് കുന്ദംകുളം ജനമൈത്രി പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥയായ ജാൻസി.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിക്കാനും ലംഘനം നടത്തുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനുമായി സ്റ്റേഷനിൽ നിന്നുള്ള പതിവ് ചുമതലയുടെ ഭാഗമായാണ് ഗൾഫിൽ നിന്നും പത്തുമാസം പ്രായമായ ആൺകുഞ്ഞിനൊപ്പം എത്തിയ പെരുമ്പിലാവ് സ്വദേശിനിയായ വീട്ടമ്മയെ ജാൻസി വിളിക്കുന്നത്. പാചകവാതകവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഏറെ പ്രയാസത്തിലായ യുവതി തേങ്ങിക്കൊണ്ടാണ് അനുഭവങ്ങളുടെ വിഷാദ വരികൾ മുഴുമിപ്പിച്ചത്.

മരത്തംകോട് ബന്ധുവീട്ടിൽ “നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ വാക്കുകൾ കൊണ്ട് മാത്രം ആശ്വസിപ്പിച്ചാൽ പോര എന്ന തിരിച്ചറിവ്” ഉണ്ടായ ജാൻസി വീട്ടമ്മയുടെ വിഷമം മാറ്റാൻ തന്നെ തീരുമാനിച്ചു. തുടർന്ന് സഹ ഉദ്യോഗസ്ഥനായ സുമേഷിന്റെ സഹായത്തോടെ സ്വന്തം വീട്ടിലെ ഗ്യാസ് സിലിണ്ടർ വീട്ടമ്മയ്ക്ക് എത്തിച്ചു നൽകി. അത്യാവശ്യ സാധനങ്ങൾ എത്തിക്കാനുള്ള ഏർപ്പാടുകളും ചെയ്ത്‌ നൽകിയാണ് ഇവർ മടങ്ങിയത്.

കോ വിഡ് കാലത്ത് നിരീക്ഷണത്തിൽ കഴിയുന്ന ആരെയും അകറ്റി നിർത്തുകയല്ല വേണ്ടത് മറിച്ച് ഹൃദയത്തോട് ചേർത്ത് നിർത്തുകയാണ് വേണ്ടത്, “വാക്കുകൾ കൊണ്ട് മാത്രം ആശ്വസിപ്പിച്ചാൽ പോര” എന്ന മഹത്തായ സന്ദേശമാണ് ജാൻസി പകർന്നത്.