ഗുരുവായൂർ ക്ഷേത്രത്തിൽ ദീർഘകാലത്തിന് ശേഷം ദർശനത്തിന് അവസരം ഒരുങ്ങുന്നു. ലോക്ക് ഡൗൺ ഇളവുകൾ 8 മുതൽ പ്രാബല്യത്തിൽ വരുന്നത് പ്രമാണിച്ച് ചൊവ്വാഴ്ച മുതൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി ഒരുദിവസം 600 പേർക്ക് ദർശനം നടത്താമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ക്ഷേത്രത്തിൽ രാവിലെ ഒമ്പത് മുതൽ ഒന്നര വരെയാണ് ദർശനം അനുവദിക്കുക. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്ന ആളുകളെ മാത്രം ദർശനത്തിനായി അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതിയുടെ തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഒരു മണിക്കൂറിൽ 150 പേർക്ക് ദർശനം നടത്താൻ സാധിക്കുന്ന രൂപത്തിലാണ് സജ്ജീകരിക്കുക എന്ന് മന്ത്രി പറഞ്ഞു. അതേസമയം വിഐപി ദർശനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.