തൃശ്ശൂരിലെ ZOO വർഷാവസാനത്തോടെ പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക്..

ഈ വർഷം അവസാനത്തോടെ തൃശൂർ മൃഗശാല പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റാനാണ് ലക്ഷ്യമിടുന്നത് എന്ന് ചീഫ് വിപ്പ് കെ രാജൻ പറഞ്ഞു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സുവോളജിക്കൽ പാർക്കിൽ അതിജീവനത്തിന്റെ പാർക്ക് ഒരുക്കുന്ന പദ്ധതി ഉദ്ഘാടനം ചെയ്യവേ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വരും തലമുറക്ക് കൊറോണ പ്രതിരോധത്തിന്റെ അനുഭവങ്ങൾ ബോധ്യപ്പെടുത്തുകയാണ് അതിജീവനത്തിന്റെ പാർക്കിന്റെ ലക്ഷ്യം. വിവിധ ജീവികളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുയോജ്യമായ ഒരു ലാൻഡ്‌സ്‌കേപ്പ് പ്ലാൻ ആണ് പാർക്കിനായി വിഭാവനം ചെയ്തിട്ടുള്ളത്.

338 ഏക്കർ വനഭൂമിയിൽ വന്യജീവികളെ പരിപാലിക്കുന്നതിനായി വിശാലമായ സൗകര്യ ങ്ങളോടുകൂടിയ സുവോളജിക്കൽ പാർക്കാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. രോഗ പ്രതിരോധത്തിന് സഹായകമായ വിവിധ ഔഷധസസ്യങ്ങളും വൃക്ഷങ്ങളുമാണ് അതിജീവന പാർക്കിൽ നടുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പതിഞ്ചായിരത്തോളം വിവിധ വൃക്ഷത്തൈകളും അത്രത്തന്നെ വിവിധയിനം മുള, പന എന്നിവയുടെ തൈകളുമാണ് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇവിടെ വച്ചുപിടിപ്പിച്ചത്.