മലപ്പുറത്ത് ഒരു കോവിഡ് മരണം കൂടി; സംസ്ഥാനത്ത് മരണം പതിനഞ്ചായി…

സംസ്ഥാനത്ത് ഒരാൾകൂടി കോവിഡ്19 ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശിയും മുൻ സന്തോഷ് ട്രോഫി താരവുമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. പരപ്പനങ്ങാടി സ്വദേശിയായ ഹംസക്കോയ മെയ് 21-ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയതാണ്.

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

ന്യൂമോണിയ ബാധിതനായിരുന്ന ഹംസോക്കോയക്ക് പ്ലാസ്മ തെറാപ്പി ചികിത്സ നൽകിയിരുന്നു. ഇന്നലെ ഉച്ചയോടു കൂടി രോഗം ഗുരുതരമായി തുടർന്നാണ് മെഡിക്കൽ ബോർഡിന്റെ അനുമതിയോടുകൂടി പ്ലാസ്മ തെറാപ്പി നടത്തിയത്.

ഹംസക്കോയയുടെ മരുമകൾക്കും മൂന്ന് മാസവും മൂന്ന് വയസും പ്രായമുള്ള രണ്ടു ചെറുമക്കൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മകനും ഭാര്യക്കും നേരത്തെ തന്നെ കോവിഡ് പോസിറ്റീവ് ആയിരുന്നു.