പാലക്കാട് ജില്ലയിൽ കാട്ടാന പടക്കം കഴിച്ച് ചരിഞ്ഞതിനെ മറയാക്കി മലപ്പുറം ജില്ലക്കും മുസ്ലിം മതവിഭാഗത്തിനും എതിരായി വിദ്വേഷ പ്രചരണം നടത്തിയ മനേക ഗാന്ധിക്കെതിരെ മലപ്പുറം പോലീസ് കേസെടുത്തു.
ജില്ലയിലെ ജനങ്ങൾക്കെതിരെ സ്പർദ്ധ വളർത്തുംവിധം ബോധപൂർവ്വം വ്യാജ പ്രചരണം നടത്തിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത്. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറം ജിഹാദികളുടേയും അക്രമങ്ങളുടേയും കേന്ദ്രമാണെന്ന തരത്തിലാണ് വ്യാജ പ്രചരണങ്ങളെന്ന് വളാഞ്ചേരി സ്വദേശിയും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ. കെ ആർ സുഭാഷ് ചന്ദ്രൻ ജില്ല പൊലീസ് മേധാവി യു അബ്ദുൾ കരീമിന് നൽകിയ പരാതിയിലാണ് കേസ്.
ജില്ലക്കു പുറത്തുനടന്ന സംഭവത്തെ ബോധപൂർവ്വം ഒരു സമുദായത്തിനെതിരെ തിരിക്കുക എന്ന ലക്ഷ്യത്തോടെ ബോധപൂർവ്വമായ ആദ്യ പ്രചരണം നടത്തിയത് മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിയാണ്. രാജ്യ വ്യാപകമായി ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിലൂടെ മലപ്പുറത്തിനെതിരെയും മുസ്ലിം മതവിഭാഗത്തിനെതിരെയും വലിയ രീതിയിലുള്ള വർഗീയ പ്രചരണവും നടന്നിരുന്നു.