ജാഗ്രത ശക്തമാക്കാനൊരുങ്ങി പോലീസ്; ലംഘനങ്ങൾ കണ്ടെത്താൻ മിന്നൽ പരിശോധന..

സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത കടുപ്പിക്കാൻ ഒരുങ്ങുകയാണ് തൃശൂർ സിറ്റി പോലീസ്.
വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താനും വാഹനങ്ങളിൽ അനുവദിച്ചതിൽ കൂടുതൽ യാത്രികർ സഞ്ചരിക്കുന്നതും കണ്ടെത്താൻ പോലീസ് മിന്നല്‍ പരിശോധന നടത്തും.

ബൈക്ക് പട്രോള്‍, ഷാഡോ ടീം എന്നിവയുടെ സേവനം ഇതിനായി ഉപയോഗിക്കും. വീട്ടുനിരീക്ഷണം ലംഘിക്കുന്നതു കണ്ടെത്തിയാല്‍ അവരെ സര്‍ക്കാരിന്‍റെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനും നിയമനടപടികള്‍ സ്വീകരിക്കാനും സിറ്റി പോലീസ് കമ്മീഷണർ നിർദ്ദേശിച്ചു.

വാഹന പരിശോധനക്കായി ട്രാഫിക്കിനു കാര്യമായ തടസ്സമുണ്ടാകാത്ത തരത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.