പൂവത്തൂരിൽ രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം

പൂവത്തൂരിൽ നിർത്തിയിട്ട രണ്ട് ടൂറിസ്റ്റ് ബസ്സുകൾ കത്തിച്ചു; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് സംശയം

പാവറട്ടി പൂവത്തൂരിലെ പെട്രോൾ പമ്പിന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട ഏലാന്ത്ര ട്രാവൽസിന്റെ രണ്ടു ടൂറിസ്റ്റ് ബസ്സുകൾ കത്തി നശിച്ചു. സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരാണ് എന്നാണ് പ്രാഥമിക നിഗമനം.

19 സീറ്റിന്റെ ഒരു വാഹനവും 49 സീറ്റിന്റെ വലിയ ബസുമാണ് ഇന്ന് പുലർച്ചെ രണ്ടരയോടെ കത്തിച്ചത്. അടുത്തടുത്തായല്ലാതെ നിർത്തിയിട്ട വാഹനങ്ങൾ ആണ് കത്തി നശിച്ചത് എന്നതിനാൽ വളരെ ആസൂത്രിതമായാണ് ആക്രമണം എന്നത് വ്യക്തമാണ്.

സംഭവത്തിൽ ചെറിയ ബസ് പൂർണമായും അഗ്നിക്കിരയായി. വലിയ ബസിന്റെ ഉൾഭാഗം പൂർണമായി കത്തി നശിച്ചു. ഒരു ട്രാവലർ കത്തിക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. വെന്മെനാട് സ്വദേശി ഏലാന്ത്ര ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനങ്ങൾ.

ഏലാന്ത്ര ട്രാവൽസിന്റെ 7 വാഹനങ്ങൾ ഇവിടെ നിർത്തിയിട്ടിരുന്നു. വാഹനങ്ങൾ കത്തുന്നത് കണ്ട സമീപവാസി പോലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഗുരുവായൂരിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.