തൃശൂർ ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ്; 12815 പേർ നിരീക്ഷണത്തിൽ..

തൃശൂർ ജില്ലയിൽ ജൂൺ 2 ചൊവ്വാഴ്ച 6 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. എല്ലാവരും പുരുഷൻമാരാണ്. മെയ് 28 ന് അബുദാബിയിൽ നിന്നെത്തിയ ഗുരുവായൂർ സ്വദേശി, 21 ന് ദോഹയിൽ നിന്നെത്തിയ അന്നമനട സ്വദേശി (25), ചെന്നൈയിൽ നിന്ന് 22 ന് എത്തിയ രണ്ട് അണ്ടത്തോട് സ്വദേശികൾ (43), (41), രാജസ്ഥാനിൽ നിന്ന് 20 ന് എത്തിയ പൂത്തോൾ സ്വദേശി (45), ബാംഗ്ലൂരിൽ നിന്ന് 24 ന് എത്തിയ കുന്നംകുളം സ്വദേശി (54) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ച 49 പേരാണ് ജില്ലയിൽ ആശുപത്രികളിൽ ഉളളത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റ് ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്. ഇതുവരെ 78 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 12730 പേരും ആശുപത്രികളിൽ 85 പേരും ഉൾപ്പെടെ ആകെ 12815 പേരാണ് നിരീക്ഷണത്തിലുളളത്.

നിരീക്ഷണത്തിന്റെ ഭാഗമായി ഇന്ന് എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ ഡിസ്ചാർജ്ജ് ചെയ്തു. 19 പേരെ കൂടി ഇന്ന് നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 849 പേരെ വിട്ടയച്ചു.