കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിന്റെ അടിസ്ഥാനത്തിൽ പ്രളയ ഭൂപടം
നിർമ്മിച്ചിരിക്കുകയാണ് കാർഷിക സർവ്വകലാശാലയിലെ കാലാവസ്ഥാ വ്യതിയാന പഠന ഗവേഷണ അക്കാദമി. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
ചാലക്കുടി നദീതടത്തിൽ ഉൾപ്പെടുന്ന ആറ് ബ്ലോക്കുകളിലെ 28 ഗ്രാമപഞ്ചായത്തുകളുടെയും, കൊടുങ്ങല്ലൂർ ചാലക്കുടി മുനിസിപ്പാലിറ്റികളുടെയും വെള്ളപ്പൊക്കഭൂപടങ്ങൾ ഇപ്രകാരം തയ്യാറാക്കിയിട്ടുണ്ട്. സ്വാഭാവികമായ നീർച്ചാലുകൾ തുണ്ടുതുണ്ടുകളായതും തണ്ണീർത്തടങ്ങളുടെ പരിവർത്തനവും മറ്റും ഈ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ടാകാം എന്ന് സർവ്വകലാശാല പഠനം വിലയിരുത്തുന്നു.
പ്രധാന നദീതടങ്ങളായ ചാലിയാർ, ഭാരതപ്പുഴ, പെരിയാർ, പമ്പ, അച്ചൻകോവിൽ തുടങ്ങിയവയുടെയും വെള്ളപ്പൊക്ക ഭൂപടം തയ്യാറാക്കുവാനും സർവകലാശാല ഉദ്ദേശിക്കുന്നുണ്ടെന്ന് കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ആർ ചന്ദ്രബാബു പറഞ്ഞു.