അറബിക്കടലിൽ ഇരട്ട ന്യൂന മർദം രൂപപ്പെടുന്നതിനാൽ കടലിൽ ഇറങ്ങരുത് എന്ന കാലാവസ്ഥ മുന്നറിയിപ്പ് വകവെക്കാതെ കടലിലിറങ്ങിയ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്കെതിരേ ഫിഷറീസ് വകുപ്പ് നടപടി സ്വീകരിക്കും.
ജില്ലയിൽ തിങ്കളാഴ്ച കടലിലിറങ്ങിയ 47 വള്ളങ്ങൾക്ക് നോട്ടീസ് നൽകി. വ്യാഴാഴ്ച വരെ കടലിൽ പോകരുത് എന്നാണ് അറിയിപ്പ്, ഈ വള്ളങ്ങൾ ഇനിയും ഉത്തരവ് ലംഘിച്ച് കടലിലിറങ്ങിയാൽ കടുത്ത നടപടി സ്വീകരിക്കാനാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം.
ഇൻസ്‌പെക്ടർമാരയ സുരേഷ്ബാബു, പി.എം.നെൽസൺ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് നിയമലംഘനം വ്യക്തമായത്. വരുംദിവസങ്ങളിലും പരിശോധനയുണ്ടാകും എന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ അറിയിച്ചു.