മതിലകം ഗ്രന്ഥശാല പ്രവർത്തകരുടെ കഠിനാധ്വാനത്തിൽ കുളത്തിനു പുനർജന്മം..

നൂറ്റാണ്ടിലധികം പഴക്കമുള്ള സ്വകാര്യ കുളത്തെ പുനരുജ്ജീവിപ്പിക്കുന്ന തിരക്കിലാണ് മതിലകത്തെ കൂളിമൂട്ടം നാണൻ സ്മാരക ഗ്രന്ഥാലയത്തിന്റെ പ്രവർത്തകർ. ഇൗ ഗ്രന്ഥ ശാലയുടെ നേതൃത്വത്തിലാണ് അഞ്ചര സെന്റ് വിസ്തൃതിയിൽ കുളം നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെയും മതിലകം ഗ്രാമ പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തോടെയാണ് പ്രവൃത്തി പുരോഗമിക്കുന്നത്.

തികച്ചും പ്രകൃതി സൗഹൃദമായി ഓട് ഉപയോഗിച്ചാണ് കുളം കെട്ടി പടുത്തത്. നാല് സെൻറ് വിസ്തൃതിയിൽ ആഴം കൂട്ടി നവീകരിച്ചാണ് നിർമിതി. കുളത്തിന്റെ 12 പടവുകളും പുരമേയാൻ ഉപയോഗിക്കുന്ന ഓടുകൾ ഉപയോഗിച്ചാണ് പടുത്തത്. പഴയ ഓട്ടുകമ്പനി പൊളിച്ച കാൽലക്ഷം ഓടുകളാണ് പടവുകൾക്കായി ഉപയോഗിച്ചത്. ഹുരുഡീസ് പാകി ബലപ്പെടുത്തിയ അടിഭാഗം ചെളി നിറയുന്നത് തടയും. സിമൻറ് നിർമാണത്തിനായി ഉപയോഗിച്ചിട്ടുമില്ല. ഓടുകൾ മത്സ്യങ്ങളുടെയും ജലജീവികളുടെ സ്വാഭാവിക പ്രജനനത്തിന് സഹായകമാവുമെന്നും ശിൽപി സതീഷ് വള്ളത്തോൾ നഗർ പറയുന്നു.

കൂളിമുട്ടത്തെ പ്രധാന ജലസ്രോതസുകളിലൊന്നായിരുന്ന വിശാലമായ ഇൗ കുളത്തിലേക്ക് അനേകം കൈത്തോടുകൾ വഴിയാണ് ആദ്യകാലങ്ങളിൽ ജലം എത്തിയിരുന്നത്. കൈത്തോടുകൾ അപ്രത്യക്ഷമായതോടെ കുടിവെള്ള സ്രോതസ്സായിരുന്ന കുളം പിന്നീട് മത്സ്യം വളർത്തുന്ന ഇടം മാത്രമായി. നാണൻ സ്മാരക വായനശാലയുടെ കെട്ടിടനിർമാണത്തിനായി കുളത്തിനോട് ചേർന്ന് എട്ടര സെന്റ് ഭൂമി വാങ്ങിയതാണ് കുളത്തിന്റെ വീണ്ടെടുപ്പിന് നിർണായകമായത്.

ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പിൽ വഴി ജില്ലാ പഞ്ചായത്ത് നാല് ലക്ഷം രൂപയും മതിലകം പഞ്ചായത്ത് ഒരു ലക്ഷം രൂപയും അനുവദിച്ചതോടെ പദ്ധതിക്ക് ജീവൻ വെച്ചു.

ഫെബ്രുവരിയിൽ ആരംഭിച്ച നിർമാണം അതിവേഗമാണ് പുരോഗമിക്കുന്നത്. 90 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. കുളക്കടവ് സാംസ്‌കാരിക ഇടമായും ഉപയോഗിക്കാവുന്ന വിധമാണ് രൂപകൽപന. ഇതിനായി ചെറു വേദിയും അനുബന്ധമായി നിർമിക്കും.