ജീവൻ പണയപ്പെടുത്തി അനധികൃത മത്സ്യബന്ധനം..

കാലവർഷം ശക്തമാകുന്നതിന് മുൻപ് തന്നെ ജില്ലയിൽ അനധികൃത മത്സ്യബന്ധനം ശക്തമാവുകയാണ്. ജീവൻ പണയപ്പെടുത്തിയാണ് പലരും തുമ്പൂർമുഴി അണക്കെട്ടിൽ അപകടകരമായ സാഹചര്യത്തിൽ മീൻ പിടിക്കുന്നത്.

ഡാമിന്റെ വിയറിലൂടെ നടന്ന് നടുഭാഗത്ത് എത്തിയാണ് ചൂണ്ടയിട്ട് മീൻ പിടിക്കുന്നത്. നിറഞ്ഞൊഴുകുന്ന ഡാമിന്റെ വിയറിൽ വഴുക്കൽ ഉള്ളതിനാൽ നടക്കുന്നതിനിടെ ഡാമിലേക്കോ കനാലിലേക്കോ വീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണ്.

ഡാമിന്റെ ഭാഗത്തേക്ക് കടക്കുന്നതിന് നേരത്തെ തന്നെ നിരോധനം നിലനിൽക്കുന്നുണ്ട്. അതൊന്നും വക വയ്ക്കാതെയാണ് കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ അണക്കെട്ടിൽ മീൻ പിടിക്കാൻ എത്തുന്നത്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിട്ടിരിക്കുന്നതിനാൽ ഡാമിൽ സുരക്ഷാ ജീവനക്കാർ കുറവാണ്. ഇത് മുതലെടുത്ത് ഇടതുകര കനാൽ പോകുന്ന ഏഴാറ്റുമുഖം ഭാഗത്ത് നിന്ന് പുഴയിലൂടെയാണ് സഞ്ചാരികളും നാട്ടുകാരും ഡാമിലേക്കിറങ്ങുന്നത്.