സബ് ജയിലിലെ ജീവനക്കാർ കോവിഡ് പ്രതിരോധത്തിന്; തടവുകാർ ജില്ലാ ജയിലിലേക്കും..

പതിവില്ലാത്ത പല കാഴ്ചകളും നാട് ഇപ്പോൾ കാണുകയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സബ് ജയിലിലെ ജീവനക്കാർക്ക് അരണാട്ടുകരയിലെ കോവിഡ് സെന്ററിന്റെ ചുമതല നൽകിയതിനെ തുടർന്ന് ഇപ്പോൾ അവിടെ ഉണ്ടായിരുന്ന തടവുകാരെ മുഴുവൻ ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

സബ് ജയിലിൽ ഉണ്ടായിരുന്ന 17 തടവുകാരെയാണ് ജില്ലാ ജയിലിലേക്ക് മാറ്റി പാർപ്പിച്ചത്‌. പുതിയതായി ജയിലിൽ എത്തുന്ന തടവുകാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി രോഗമില്ലെന്ന് സ്ഥിരീകരിച്ചശേഷം ജയിലിലേക്ക് മാറുന്ന സംവിധാനം നിലവിൽ വന്നതോടെ അരണാട്ടുകരയിൽ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ജയിൽ വകുപ്പ് കേന്ദ്രങ്ങൾ തുറന്നത്.

മൂന്ന് ജീവനക്കാർ ഒഴികെയുള്ള എല്ലാവർക്കും കോവിഡ് ഡ്യൂട്ടി വന്നതോടെയാണ് തടവുകാരെ ജില്ലാ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത് എന്ന് ജയിൽ സൂപ്രണ്ട് എം.ബി.യൂനിസ് പറഞ്ഞു.