ചാവക്കാട് കാത്തിരിക്കുന്നു കൂടുതൽ കൂട്ടുകാർക്കായി..

തൃശൂർ ജില്ലയിലെ പ്രധാന ബീച്ചുകളിൽ ഒന്നാണ് ചാവക്കാട്. ഗുരുവായൂരിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ചാവക്കാട് ബീച്ച് സ്ഥിതിചെയ്യുന്നത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് വരുന്നവരിൽ സിംഹഭാഗവും എത്തിച്ചേരുന്ന ഒരിടം കൂടിയാണ് ചാവക്കാട്.

തമിഴ്നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ വരെ ഈ ബീച്ച് സന്ദര്‍ശിക്കാനായി വാരാന്ത്യങ്ങളിൽ എത്തിച്ചേരാറുണ്ട്. വെയിലില്ലാത്ത സായാഹ്ന സമയങ്ങൾ കുടുംബത്തോടൊത്ത് ചെലവഴിക്കാന്‍ പറ്റിയ ഒരിടം കൂടിയാണ് ചാവക്കാട് ബീച്ച്.

ആധുനികവൽക്കരണം കൊണ്ട് ഈ കടൽത്തീരം ഇതുവരെ മലിനമായിട്ടില്ല എന്നുള്ളത് ഏറ്റവും ആശ്വാസകരമായ ഒരു കാര്യമാണ്. ബീച്ചിന് അരികിലായി ധാരാളം തെങ്ങിന്തോപ്പുകളും ഒരു വിളക്കുമാടവും ഉണ്ട്. തൊട്ടടുത്ത് മലപ്പുറം ജില്ലയായതിനാല്‍ ഒരു മലബാര്‍ ടച്ചും ഈ സ്ഥലത്തിനുണ്ട്.

വിനോദത്തിന് മാത്രമല്ല മത്സ്യബന്ധനത്തിനും പ്രസിദ്ധമാണ് ചാവക്കാട്. ചെറുതോണികളിലും ബോട്ടുകളിലുമായി മത്സ്യബന്ധനം നടത്തി വരുന്നവരിൽ നിന്നും വിലപേശി മീൻ വാങ്ങുന്നത് ഇവിടുത്തെ രസകരമായ കാഴ്ചയാണ്. ബീച്ചിന് പരിസരത്ത് ജീവിക്കുന്ന നിരവധി മനുഷ്യരുടെയും ജീവിത ഉപാധിയാണ് മത്സ്യബന്ധനവും ഇൗ കടപ്പുറവും. ഇൗ ബീച്ചിന് അർഹിക്കുന്ന പരിഗണനകൾ ഇനിയും ലഭിച്ചിട്ടില്ല എന്നതിനാൽ കൂടുതൽ വികസനങ്ങൾക്കായി കാത്തിരിക്കുകയാണ് ഇൗ കടൽത്തീരം..