ക്വാറന്റൈനിൽ പോവുന്നവർക്കുള്ള നിർദേശങ്ങൾ കളക്ടർ പുറത്തുവിട്ടു..

കോവിഡ് കെയർ സെന്ററുകളിൽ നിന്നും പ്രവാസികളെ വിടുതൽ ചെയ്യുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചുമതലുള്ള കളക്ടർ എസ് ഷാനവാസ് ഉത്തരവിറക്കി.
വിദേശത്ത് നിന്ന് തിരിച്ചു വരുന്നവർ ആദ്യ ഏഴുദിവസം സർക്കാർ നിശ്ചയിക്കുന്ന കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണം പൂർത്തിയാക്കണം. അടുത്ത ഏഴുദിവസം സർക്കാർ മാർഗ്ഗ നിർദ്ദേശപ്രകാരം സൗകര്യങ്ങളുള്ള വീട്ടിൽ നിരീക്ഷണകാലം പൂർത്തിയാക്കണം.

കോവിഡ് കെയർ സെന്ററുകളിലെ ക്വാറന്റൈനിൽ നിന്ന് വീടുകളിലേക്ക് അയക്കുന്നതിന് മുൻപ് ക്യാമ്പ് ഉദ്യോഗസ്ഥരും ഓഫീസറും ഗ്രാമ പഞ്ചായത്തിന് അറിയിപ്പ് നൽക്കുകയും നിരീക്ഷണകാലം പൂർത്തിയാക്കാൻ ആവശ്യമായ സൗകര്യം ഉറപ്പുവരുത്തുകയും വേണം. ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തി ഇതു സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കണം.

വീടുകളിലേക്കുള്ള യാത്രക്കാവശ്യമായ സൗകര്യങ്ങൾ സ്വന്തം ചിലവിൽ നിർവ്വഹിക്കണം. വാഹനത്തിന്റെ ഡ്രൈവർ കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ച് സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വാഹനങ്ങൾ അണുവിമുക്തമാക്കേണ്ടതുമാണ്.
വിടുതൽ ചെയ്യുന്ന വ്യക്തിയുടെ വിവരങ്ങൾ ക്യാമ്പ് ഉദ്യോഗസ്ഥരും ജില്ലാ മെഡിക്കൽ ഓഫീസറും പ്രസ്തുത വ്യക്തിയുടെ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയേയും മെഡിക്കൽ ഓഫീസറെയും അറിയിക്കുകയും കോവിഡ് ജാഗ്രത പോർട്ടലിൽ ആവശ്യമായ അപ്ഡേഷൻ സമയബന്ധിതമായി നടത്തുകയും വേണം.

ഹോം ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾ സാമൂഹ്യമായ ഒറ്റപ്പെടുത്തലോ, വിവേചനമോ നേരിടുന്നില്ല എന്ന് വാർഡ്തല കമ്മിറ്റി ഉറപ്പുവരുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു.