ഇതാണ് പൂരം…!!

ഒരു ജില്ലയെ സാധാരണ ഗതിയിൽ അടയാളപ്പെടുത്തുന്നത് ഭൂപ്രദേശത്തിന്റെ സവിശേഷതകൾ കൊണ്ടോ ചരിത്രപരമായ സവിശേഷതകൾ കൊണ്ടോ എല്ലാം ആണ്. എന്നാൽ ഇൗ ലോകത്ത് പൂരത്തിന്റെ പേരിൽ ഒരു ജില്ലയെ തന്നെ അടയാളപ്പെടുത്തുന്ന പൂരവുമുണ്ട്. അതാണ് സാക്ഷാൽ തൃശൂർ പൂരം..

സകല മനുഷ്യരുടെയും കണ്ണിനും മനസിനും വിരുന്നൊരുക്കിയാണ് തൃശൂരിലെ ഓരോ പൂരക്കാലവും വിട പറയുക. പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന തൃശൂർ പൂരത്തിന് തുടക്കം കുറിച്ചത് കൊച്ചി രാജാവായിരുന്ന ശ്രീ ശക്തൻ തമ്പുരാനാണ്.

മേടമാസത്തിലെ പൂരം നാളിലാണ് തൃശൂർ പൂരം ആഘോഷിക്കുന്നത്. ശക്തൻ തമ്പുരാന്റെ മരണത്തിന് ഏഴ് വർഷം മുൻപാണ് 36 മണിക്കൂർ ദൈർഘ്യമുള്ള വിസ്മയപ്പൂരത്തിന് തുടക്കമിട്ടത്. തൃശൂരിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടാണ് ശക്തൻ പൂരം രൂപകല്പന ചെയ്തത് എന്നും ചില ചരിത്രകാരൻമാർ പറഞ്ഞു വെക്കുന്നുണ്ട്.

ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ടാണ് തൃശൂർ പൂരത്തിന്റെ പ്രധാന ഐതിഹ്യം. ദക്ഷിണ കേരളത്തിലെ ഏറ്റവും പ്രധാന ഉത്സവമായിരുന്നു ആറാട്ടുപുഴ പൂരം. തൃശൂരിന്റെ സമീപമുള്ള എട്ട് ദേശങ്ങളുടെ സംഗമം കൂടിയായിരുന്ന ആറാട്ടുപുഴ പൂരത്തിന് ഒരിക്കൽ കനത്ത മഴ മൂലം മറ്റ് ദേശങ്ങളിൽ നിന്നുള്ള വരവുകളെത്തിയില്ല. ഇതിൽ കലി പൂണ്ട നാടുവാഴി ഈ ദേശങ്ങൾക്ക്‌ ഭ്രഷ്ട് കല്പിച്ചു.

ഇതറിഞ്ഞ ശക്തൻ തമ്പുരാൻ വടക്കുംനാഥനെ ആസ്ഥാനമാക്കി അടുത്ത പൂരം നാളിൽ പൂരം രൂപ കല്പന ചെയ്തു. വടക്കുംനാഥ ക്ഷേത്രത്തിനു സമീപമുള്ള തേക്കിൻകാട് മൈതാനിയിലാണ് പൂരചടങ്ങുകൾ നടക്കുന്നത്.

തേക്കിൻകാട് മൈതാനി നിറയുന്ന പുരുഷാരവും തിരുവമ്പാടി ഭഗവതിയുടെ മഠത്തിൽ വരവ്, ലോകത്തെ മുഴുവൻ താളപ്പെരുക്കം തീർത്ത് രസിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം, കുടമാറ്റം, ആചാരപൂർവം ഉള്ള തെക്കോട്ടിറക്കം, ആകാശത്ത് വർണ ചിത്രങ്ങൾ രചിക്കുന്ന വെടിക്കെട്ട് തുടങ്ങിയവ തൃശൂർ പൂരത്തിന്റെ മുഖ്യാകർഷണങ്ങൾ ആണ്.