ജനമൈത്രി പോലീസിന്റെ കനിവിൽ ഫാത്തിമക്കായി ഒരുങ്ങിയത് കെട്ടുറപ്പുള്ള വീട്..

നല്ലൊരു കാറ്റ് വീശിയാൽ ഫാത്തിമയുടെ ഹൃദയമിടിപ്പ് ഉയരുമായിരുന്നു. എന്നാലിന്ന് കഥ മാറി, ജനമൈത്രി പോലീസിന്റെ കരുതലിൽ ഫത്തിമക്ക് ഇനി കെട്ടുറപ്പുള്ള വീട്ടിൽ കഴിയാം.

കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്ത് താമസിക്കുന്ന ഫാത്തിമയുടെ വീട് കാലപ്പഴക്കത്താൽ തകർന്ന നിലയിലായിരുന്നു. ഭർത്താവ് മരിച്ചതിന് ശേഷം നാല് വർഷമായി ഒറ്റയ്ക്കാണ് താമസം. ഇവർക്ക് മക്കളുമില്ല. വീടാണെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടി മേഞ്ഞ നിലയിലും.

ജനമൈത്രി പോലീസ് ബീറ്റിന്റെ ഭാഗമായുള്ള വീട് സന്ദർശനത്തിനിടെയാണ് വയോധികയായ ഫാത്തിമയുടെ വീട് ശ്രദ്ധയിൽപ്പെട്ടത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ സ്വന്തമായി വീട് പണിയാൻ ഇവർക്ക് മറ്റ് മാർഗ്ഗങ്ങളില്ല എന്ന് ബോധ്യപ്പെട്ടു.

കടലിനോട് ചേർന്ന് താമസിക്കുന്നതിനാൽ സർക്കാറിന്റെ ഭവന പദ്ധതികളിലും ഇടം നേടാനായില്ല. ഫാത്തിമയുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയ കയ്പമംഗലം ജനമൈത്രി പോലീസ് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു.

സി.പി.മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് വീട് പണി പൂർത്തിയാക്കിയത്. നിർമ്മാണം പൂർത്തിയാക്കിയ വീടിന്റെ കൈമാറ്റം ബെന്നി ബെഹനാൻ എംപി നിർവ്വഹിച്ചു.