മണ്ടംപറമ്പ് കോളനിക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് 34 പ്ലാസ്റ്റിക് കുടങ്ങളിലായി കുറ്റിക്കാട്ടിൽ സൂക്ഷിച്ചിരുന്ന 500 ലിറ്റർ വാഷ് കണ്ടെത്തിയത്. പിടിച്ചെടുത്ത വാഷ് എക്സൈസ് സംഘം ഒഴുക്കിക്കളഞ്ഞു.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച പുലർച്ചെ നാലുമണിക്കൂറോളം നീണ്ട പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചത്.