കോവിഡിനെതിരായ പോരാട്ടത്തില്‍ അവസാനത്തെ കോവിഡ് രോഗിയും ആശുപത്രി വിട്ടു ; കോവിഡിനെ തോൽപ്പിച്ച് ന്യൂസിലന്റ്..

ലോകം കോവിഡിനെതിരായ പോരാട്ടം തുടരുമ്പോള്‍ അവസാനത്തെ കോവിഡ് 19 രോഗിയും ആശുപത്രി വിട്ട് ഞെട്ടിച്ചിരിക്കുകയാണ് ന്യൂസിലന്റ്. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒരാള്‍ക്ക് മാത്രമാണ് ന്യൂസിലന്റില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നത്. മിഡില്‍മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവസാനത്തെ കോവിഡ് രോഗി ബുധനാഴ്ച്ച ആശുപത്രി വിടുകയും ചെയ്തു.കോവിഡിനെതിരായ പോരാട്ടത്തില്‍ മറ്റൊരു സുപ്രധാന നേട്ടം കൂടി ന്യൂസിലന്റ് സ്വന്തമാക്കിയെന്നാണ് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ് പ്രതികരിച്ചത്. ഇതോടെ രണ്ട് മാസത്തിനിടെ ആദ്യമായി, ഒരു ആശുപത്രിയില്‍ പോലും കോവിഡ് രോഗികള്‍ ചികിത്സയിലില്ലെന്ന നേട്ടം ന്യൂസിലന്‍റ് സ്വന്തമാക്കി.

അമ്പത് ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള ചെറുരാജ്യമായ ന്യൂസിലന്റില്‍ ഇതുവരെ 1,504 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷം ഇന്നുവരെ 21 പേര്‍ക്കാണ് കോവിഡില്‍ ജീവന്‍ നഷ്ടമായത്. ഇവിടെ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത് ഫെബ്രുവരിയിലായിരുന്നു. എന്നാല്‍, പിന്നീട് കോവിഡ് വ്യാപനം ഫലപ്രദമായി തടയാന്‍ ന്യൂസിലന്റിനായെന്നാണ് ഇപ്പോഴത്തെ സ്ഥിതി തെളിയിക്കുന്നത്. പത്ത് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് നേരത്തെ ന്യൂസിലന്റില്‍ വിലക്കിയിരുന്നു.

മെയ് 29 മുതല്‍ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് ഇത് 100 പേരാക്കി ഇളവ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മൂലം തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് പ്രതിവാരം 230 ഡോളര്‍(ഏകദേശം 17,000 രൂപ) ആശ്വാസധനം നല്‍കാനും ന്യൂസിലന്റ് തീരുമാനിച്ചിരുന്നു.