ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരെ ജാഗ്രത പുലർത്തണം: ഡി എം ഒ..

കോവിഡ് രോഗബാധയുടെ ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ക്കെതിരെയും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജെ റീന അറിയിച്ചു.

വേനല്‍ മഴയ്ക്ക് ശേഷം കൊതുകു സാന്ദ്രത വര്‍ദ്ധിച്ചതിനാല്‍ ഡെങ്കിപ്പനി കൂടുതല്‍ വ്യാപകമാകുന്നുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ ആകെ 59 ഡെങ്കിപ്പനി കേസുകളും ആറ് എലിപ്പനി കേസുകളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. മഴക്കാലം ആരംഭിക്കുന്നതോടുകൂടി കൊതുകുകളുടെ എണ്ണം കൂടുകയും രോഗം പടർന്നു പിടിക്കുവാനുള്ള സാഹചര്യങ്ങളും വർധിക്കുന്നു.

കൊതുകു മൂലമുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ ജില്ലാമെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം തുടർന്നുകൊണ്ടിരിക്കുകയാണ്.

എലിപ്പനിയുടെയോ ഡെങ്കിപ്പനിയുടെയോ ഏതെങ്കിലും രോഗലക്ഷണം ശ്രദ്ധയിൽ പെട്ടാൽ സ്വയം ചികിത്സ നടത്താതെ തൊട്ടടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടണം എന്നും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.