സര്‍ക്കാര്‍ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി; സിറ്റി പോലീസ് കമ്മീഷണർ

വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്താൽ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് തൃശൂർ പോലീസ് കമ്മീഷണർ അറിയിച്ചു. സാമൂഹിക അകലവും സുരക്ഷാ മാനദണ്ഡവും പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കും.

വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് 50 പേര്‍ക്കാണ്. എന്നാല്‍ വിവാഹത്തിന് മുന്‍പും ശേഷവും ധാരാളം പേര്‍ കല്യാണവീടുകൾ സന്ദര്‍ശിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മരണ വീടുകളിലും ഇതുപോലെ ധാരാളം പേര്‍ സന്ദര്‍ശനം നടത്തുന്നു. ഇതു ലോക്ക്ഡൗണിന്‍റെ ലക്ഷ്യങ്ങളെ പരാജയപ്പെടുത്തുന്നു.

നഗരങ്ങളിലെ തിരക്കേറിയ മാര്‍ക്കറ്റുകളില്‍ സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ എത്തുന്നത് വൈറസ് പടരാന്‍ കാരണമാകും. ഇത്തരം സ്ഥലങ്ങളില്‍ പോലീസുദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് വിന്യസിക്കുമെന്നും പോലീസ് പറയുന്നു.